സമരക്കാരെ കായികമായി നേരിട്ടാല്‍, പോലിസിനെ തെരുവില്‍ കൈകാര്യം ചെയ്യും: കെ സുധാകരന്‍
ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ പോലിസ് അഴിഞ്ഞാടുകയാണ്. കോട്ടയം മടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസ് നടത്തിയ അതിക്രമം ആരും മറന്നിട്ടില്ല.
കണ്ണൂർ: സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരേ പ്രതിഷേധിച്ച സമരക്കാരെ പോലിസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പോലിസിന്റെ നരനായാട്ട് അവസാനിപ്പിക്കണം. പോലിസിന്റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ല. സമരക്കാരെ പോലിസ് കായികമായി നേരിട്ടാല്‍ പോലിസിനെ ജനം തെരുവില്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ പോലിസ് അഴിഞ്ഞാടുകയാണ്. കോട്ടയം മടപ്പള്ളിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസ് നടത്തിയ അതിക്രമം ആരും മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലിസിന് അധികാരം തന്നത്. സമരക്കാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തണം അല്ലെങ്കില്‍ കേരളീയ സമൂഹത്തിന്റെ പ്രതിഷേധ പ്രതികരണത്തെ അഭിമുഖീകരിക്കേണ്ടിവരും. അധികാരമുഷ്ടി പ്രയോഗിച്ച് സര്‍വേക്കല്ല് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത് പിഴുതെറിയുമെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ ചാടിവീണ് ഇടിച്ചു നിരത്തലുകളെ എതിര്‍ത്ത ബൃന്ദാ കാരാട്ട് സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ കണ്ണീര്‍ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ കല്ലിടല്‍ വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്തും കണ്ണൂരും പ്രതിഷേധമുണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്തെ കരിച്ചാറയില്‍ കല്ലിടനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരാള്‍ ബോധരഹിതനായി വീണു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തി മടങ്ങുകയായിരുന്നു.
