കൊറോണ മുന്നറിയിപ്പ് ലംഘനം; ആവശ്യമെങ്കില്‍ 'കണ്ടാലുടന്‍ വെടി'

കടുത്ത നിയന്ത്രണങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി

Update: 2020-03-24 17:34 GMT

ഹൈദരാബാദ്: മഹാമാരിയായ കൊറോണയെ നേരിടാന്‍ രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, തെലങ്കാനയില്‍ മുന്നറിയിപ്പ് ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആവശ്യമാണെങ്കില്‍ 'കണ്ടാലുടന്‍ വെടിവയ്ക്കാന്‍' ഉത്തരവിടുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് ആളുകള്‍ റോഡുകളിലെത്തിയാല്‍ പോലിസിന് കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ആളുകള്‍ പോലിസുമായി സഹകരിക്കുന്നില്ലെങ്കില്‍, അമേരിക്കയിലെന്നപോലെ സൈന്യത്തോട് ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാം. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ മമുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. എല്ലാ കടകളും എല്ലാ ദിവസവും വൈകീട്ട് ആറോടെ അടച്ചിരിക്കണം.

    ഈ ദുരിത സാഹചര്യത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്ത ജനപ്രതിനിധികളെ, പ്രത്യേകിച്ച് ജിഎച്ച്എംസി കോര്‍പറേറ്റര്‍മാരെ മുഖ്യമന്ത്രി പിന്‍വലിച്ചു. ജിഎച്ച്എംസിയില്‍ 150 കോര്‍പറേറ്റര്‍മാരുണ്ട്. പോലിസും മുനിസിപ്പല്‍ അധികാരികളും മാത്രമാണ് റോഡുകളില്‍ ചുമതല നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. മുനിസിപ്പല്‍ കോര്‍പറേറ്റര്‍മാര്‍ എവിടെ? ചെക്ക്‌പോസ്റ്റുകളില്‍ ആളുകളെ നിയന്ത്രിക്കുകയും അവരുടെ അധികാരപരിധിയിലെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നത് അവരുടെ ഉത്തരവാദിത്തമല്ലേയെന്നും ചൊവ്വാഴ്ച ലോക്ക്ഡൗണ്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം അദ്ദേഹം രോഷത്തോടെ പറഞ്ഞു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, കോര്‍പറേറ്റര്‍മാര്‍, എസ്പിടിസി, എംപിടിസി, തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളും മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും 10 ലക്ഷം വിവിധ ഗ്രൂപ്പ് അംഗങ്ങള്‍ ജനങ്ങളെ സഹായിക്കണം.

    സംസ്ഥാനത്ത് 36 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 114 പേര്‍ക്കാണ് രോഗബാധയുള്ളത്. ഒരാള്‍ രോഗമുക്തനായി ആശുപത്രി വിട്ടു. എല്ലാ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോം ക്വാറന്റൈനിലുള്ളവര്‍ റോഡുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഹോം ക്വാറന്റൈന്‍ വ്യക്തി നഗരത്തിനു പുറത്തേക്ക് പോകാന്‍ മൂന്നുതവണ ശ്രമിച്ചു. 'വിദേശത്ത് നിന്നെത്തിയ ആരെയെങ്കിലും 14 ദിവസത്തിനുള്ളില്‍ റോഡില്‍ കണ്ടെത്തിയാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും. ആവശ്യമെങ്കില്‍ റദ്ദാക്കുകയും ചെയ്യും. റഷ്യ പോലുള്ള ചില രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആളുകള്‍ ജയിലിലടയ്ക്കപ്പെടുന്നു. അഞ്ച് ദിവസത്തേക്ക് വീട്ടില്‍ കഴിയണോ അതോ അഞ്ച് വര്‍ഷം ജയിലില്‍ പോവണോ എന്ന് ആളുകള്‍ സ്വയം തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് 100 എന്ന നമ്പറില്‍ വിളിക്കാമെന്നും പോലിസ് അവരെ ആശുപത്രിയിലെത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News