ആളിപ്പടര്‍ന്ന തീയില്‍ എട്ട് കുരുന്നുകള്‍ക്ക് രക്ഷകനായി റാഷിദ് ഖാന്‍; സ്വന്തം മരുമകനെ രക്ഷിക്കാനായില്ല

12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുരുന്നാണ് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചത്.

Update: 2021-11-10 07:32 GMT

ഭോപാല്‍: ഭോപാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിന്ന് എട്ട് കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച് റാഷിദ് ഖാന്‍.

എട്ട് പിഞ്ചു കുഞ്ഞുകള്‍ക്ക് രക്ഷകനാകാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുമ്പോഴും സ്വന്തം മരുമകനെ  രക്ഷിക്കാനാവാത്ത ദുഖത്തിലാണ് റാഷിദ്. 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുരുന്നാണ് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചത്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തീ പടര്‍ന്ന് കൊണ്ടിരിക്കുന്ന ആശുപത്രി വാര്‍ഡില്‍ നിന്നും ആദ്യം കണ്ടെത്തിയ കുട്ടികളെ ഓരോന്നായി പുറത്തെത്തിക്കുന്ന തിരക്കിലായിരുന്നു റാഷിദ്. എട്ട് കുഞ്ഞുങ്ങളേയാണ് ആളിപ്പടരുന്ന തീയില്‍ നിന്നും രക്ഷിച്ചെടുത്തത്. എന്നാല്‍, സ്വന്തം മരുമകന്‍ ഉള്‍പ്പടെ നാല് കുരുന്നുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തും മുമ്പ് വെന്തുമരിച്ചു. ഭാഗികമായി പൊള്ളലേറ്റ നിരവധി കുരുന്നുകളേയും പുറത്തെത്തിച്ചു.

ഭോപാലിലെ കമലാ നെഹ്രു ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ മൂന്നാം നിലയിലെ ന്യൂബോണ്‍ വാര്‍ഡിലാണ് ചൊവ്വാഴ്ച്ച രാത്രി തീപടര്‍ന്നത്. വാര്‍ഡിലുണ്ടായിരുന്ന കുട്ടികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി.

ആശുപത്രി വാര്‍ഡുകളിലുണ്ടായിരുന്ന പലരും വാതിലുകളിലുടെയും ജനലുകളിലൂടെയും പുറത്തുകടന്നു. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ആദരാഞ്ജലികള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗമാണ് അന്വേഷണം നടത്തുക.

മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉന്നതല അന്വേഷണം ആവശ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് മരിച്ച കുട്ടികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചതോടൊപ്പം സംഭവത്തിന് കാരണക്കാരായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തീ പിടിത്തത്തെ തുടര്‍ന്ന് അധികൃതര്‍ക്കെതിരേ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. ആശുപത്രി അധികൃതരുടെ വീഴ്ച്ചയാണ് തീ പിടിത്തത്തിന് കാരണമെന്നാണ് ആരോപണം. മരണ നിരക്ക് സംബന്ധിച്ച കണക്കുകളില്‍ സംശയം പ്രകടിപ്പിച്ചും നിരവധി പേര്‍ രംഗത്തെത്തി. ആശുപത്രിയില്‍ 40 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് ആശുപത്രിയില്‍ 56 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണ്.

ബന്ധുക്കള്‍ക്ക് മൃതദേഹം തെറ്റി നല്‍കിയതായും പരാതി ഉയരുന്നുണ്ട്. തങ്ങള്‍ക്ക് ഒരു കുഞ്ഞിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ആശുപത്രി അധികൃതര്‍ ബലമായി കൈമാറിയെന്നും ഇത് തങ്ങളുടെ കുഞ്ഞല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിന്റെ ഡഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. തങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ആശുപത്രിക്ക് മുമ്പില്‍ റോഡില്‍ കുത്തിയിരുന്നായിരുന്നു കുഞ്ഞിന് വേണ്ടിയുള്ള അമ്മയുടെ പ്രതിഷേധം.

Tags:    

Similar News