കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി റിപോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.
സത്യജിത്ത് റേയുടെ പ്രധാന നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത്ത് റേ എഴുതി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച 'അപുര്‍ സന്‍സാറി'ലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. റേയുടെ മിക്കവാറും എല്ലാ ചിത്രങ്ങളിലും സൗമിത്ര അഭിനയിച്ചിട്ടുണ്ട്.
രോഗബാധിതനാവുന്നതിനു മുമ്പ് തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ബയോപിക്, ഡോക്യുമെന്ററി എന്നിവയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌കാരം, ദേശീയ ചലചിത്ര പുരസ്‌കാരം തുടങ്ങിയവ സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ് സൗമിത്ര ചാറ്റര്‍ജി. ബംഗാളിയില്‍ അറിയപ്പെടുന്ന കവിയായിരുന്നു സൗമിത്ര. 1950 കളില്‍ കവി എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സത്യജിത്ത് റേയുടെ ചിത്രങ്ങളിലൂടെയാണ് നടന്‍ എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്.
