കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകില്ലെന്ന് ഐസിഎംആര്‍ പഠന റിപോര്‍ട്ട്

കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ ഇനി മൂന്നാം തരംഗം ഉണ്ടാകു

Update: 2021-06-27 13:57 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഗുരുതരമായി ബാധിക്കില്ലെന്ന് ഐസിഎംആര്‍. നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂവെന്ന് ഐസിഎംഎംആർ അറിയിച്ചു.

ജനങ്ങളിൽ സ്വാഭാവിക പ്രതിരോധശേഷി ആർജ്ജിച്ചതിനാൽ രണ്ടാം തരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെങ്കില്‍ മാത്രമേ ഇനി മൂന്നാം തരംഗം ഉണ്ടാകുയെന്ന് പഠനത്തില്‍ പറയുന്നു.

എന്നാല്‍ വാക്സിനേഷന്‍ അപാകതകള്‍ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ അമ്പതിലധികം പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം പൂര്‍ണമായും അവസാനിച്ചതായി കരുതാനാകില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.