അഭിപ്രായ സ്വാതന്ത്ര്യമില്ല; പ്രളയ കാലത്തെ ഹീറോയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു
തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഔദ്യോഗിക പദവി വിലങ്ങുതടിയാവുന്നതിനാലാണ് രാജിയെന്ന് അദ്ദേഹം ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. താന്‍ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ മാസം 21ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ മഹാപ്രളയകാലത്ത് ആരെന്ന് വെളിപ്പെടുത്താതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഹീറോയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഔദ്യോഗിക പദവി വിലങ്ങുതടിയാവുന്നതിനാലാണ് രാജിയെന്ന് അദ്ദേഹം ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. താന്‍ സേവനത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഈ മാസം 21ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, രാജി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.
2018 സപ്തംബറില്‍ കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍ ജില്ലാ കലക്ടറയായിരുന്നു അദ്ദേഹം. അതിനിടയിലാണ് കേരളത്തിലെത്തി ആരുമറിയാതെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. 2012 എജിഎംയുടി കേഡര്‍ ഐഎഎസ് ഓഫിസറായ അദ്ദേഹം നിലവില്‍ ദാദ്ര നഗര്‍ ഹവേലിയിലെ നഗര വികസന കാര്‍ഷിക വകുപ്പില്‍ ഊര്‍ജ സെക്രട്ടറിയാണ്.
എനിക്ക് എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം തിരിച്ചുവേണം. മറ്റുള്ളവരുടെ കൂടി ശബ്ദമാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍, എനിക്ക് എന്റെ ശബ്ദം തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല-അദ്ദേഹം പറഞ്ഞു. എന്റെ രാജി എന്തെങ്കിലും ചലനമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് അരദിവസത്തെ വാര്‍ത്ത മാത്രമായിരിക്കും. എന്നാല്‍, എനിക്ക് എന്റെ മനസ്സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്-കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ ഒരു ജനതയുടെ മുഴുവന്‍ മൗലികാവാകശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടിട്ടും ഏതോ വിദൂര രാജ്യത്ത് സംഭവിച്ചാലെന്ന പോലെ ആരും അതേക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നത് കണ്ണനെ നിരാശപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത ട്വീറ്റുകളും രാജിയിലേക്ക് നയിച്ചത് എന്തെന്ന് വ്യക്തമാക്കുന്നതാണ്.
ആഗസ്ത് 20ലെ അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങിനെ: താന്‍ ഒരിക്കല്‍ കരുതിയിരുന്നത് സിവില്‍ സര്‍വീസ് എന്നത് സഹജീവികളുടെ സ്വാതന്ത്ര്യവും അവകാശവും നേടിയെടുത്തു കൊടുക്കുന്നതിനുള്ള അവസരമാണെന്നാണ്.
ഹോങ്കോങില്‍ നാടുകടത്തില്‍ ബില്ലിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ലിങ്ക് പങ്കു വച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ച വാക്കുകളും ചര്‍ച്ചയായിട്ടുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും ഇല്ലെങ്കില്‍ തങ്ങളുടെ സമ്പത്ത് ഒന്നുമല്ലെന്ന് ഹോങ്കോങ് ജനത തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കണ്ണന്‍ ഗോപിനാഥന്റെ രാജി വാര്‍ത്ത സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. 2018ലെ പ്രളയ കാലത്ത് ദാദ്ര നഗര്‍ ഹവേലിയുടെ ദുരിതാശ്വാസ സഹായത്തിനുള്ള ചെക്ക് കൈമാറാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. എന്നാല്‍, കേരളത്തിന്റെ ദുരിതം നേരിട്ടറിഞ്ഞ അദ്ദേഹം ലീവെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. ദുരിദാശ്വാസ ക്യാംപില്‍ സാധനങ്ങള്‍ ചുമന്ന് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. എട്ട് ദിവസത്തിന് ശേഷം, എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാലും ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.
സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ടു പോലും ആരെന്നു വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ എറണാകുളത്ത് എത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.

