കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്; മരത്തില്‍ കെട്ടിയിട്ട നിലയില്‍ ഒരു കോടി രൂപ കണ്ടെടുത്തു

Update: 2023-05-03 09:43 GMT

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ണാടകയിലെ പുത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സഹോദരന്റെ വീട്ടില്‍ റെയ്ഡ്. മരത്തില്‍ കെട്ടിയിട്ട നിലയില്‍ ഒരു കോടി രൂപ കണ്ടെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ റായിയുടെ സഹോദരന്‍ സുബ്രഹ്മണ്യ റായിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മൈസൂരിലെ വസതിയില്‍ ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരെത്തിയ റെയ്ഡ് നടത്തിയപ്പോള്‍ വീടിന്റെ വരാന്തയിലെ ചെറിയ മരത്തില്‍ തൂക്കിയിട്ട നിലയിലാണ്േ ഒരു കോടി രൂപ പിടിച്ചെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ഐടി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ വിവിധ നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ സംശയാസ്പദമായ ഇടപാടുകളും മറ്റ് സാമ്പത്തിക ക്രമക്കേടുകളും നിരീക്ഷിക്കുന്നത്. ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: