സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന; പകപോക്കലെന്ന് വിമര്‍ശനം

അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പ്രൊജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു.

Update: 2021-09-15 16:08 GMT

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫീസിലും പരിശോധന നടത്തി ആദായ നികുതി വകുപ്പ്. മുംബൈയിലും ലഖ്‌നോവില്‍ സോനുവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമുള്‍പ്പെടെ ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കൊവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത നടനാണ് സോനു സൂദ്.

അടുത്തിടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പ്രൊജക്റ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ രാഷ്ട്രീയ പ്രവേശനമുള്‍പ്പെടെയുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ അന്ന് സോനു സൂദ് വിസമ്മതിച്ചിരുന്നു. രാഷ്ട്രീയമായി ഒരു പ്രസ്താവന സോനു സൂദ് നടത്തിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം പഞ്ചാബില്‍ അദ്ദേഹം എഎപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

അതേസമയം, ആദായനികുതി വകുപ്പിന്റെ പ്രവൃത്തിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷണമായി മാത്രമേ ഇതിനെ കാണ്ടേതുള്ളൂവെന്നും റെയ്ഡ് എന്ന് പറയാന്‍ കഴിയില്ലെന്നും ബിജെപി പ്രതികരിച്ചു. സോനു സൂദ് തെറ്റായി എന്തെങ്കിലും ചെയ്തു എന്ന് ഈ പരിശോധനകൊണ്ട് അര്‍ത്ഥമില്ലെന്നും ബിജെപി വക്താവ് ആസിഫ് ഭാമ്‌ല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദായനികുതി വകുപ്പിനെതിരേ വിമര്‍ശനങ്ങളുമായി ആംആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. 

Similar News