ഞാന്‍ മെഹനാസ് കാപ്പന്‍, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ മകള്‍

ഇറങ്ങിപ്പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനര്‍ജന്മമായ ആ​ഗസ്ത് 15ന് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസ്സ് ആരുടെ മുന്നിലും അടിയറ വെച്ചുകൂടാ. എന്നാല്‍ ഇന്നും എവിടെയൊക്കെയോ അശാന്തി പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്ട്രീയം- ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍.

Update: 2022-08-15 10:00 GMT

മലപ്പുറം: കള്ളക്കേസിലൂടെ യുഎപിഎ ചുമത്തി യുപി പോലിസ് ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ പ്രസംഗം സാമൂഹ്യശ്രദ്ധ നേടുന്നു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തന്റെ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും തന്റെ പിതാവ് അനുഭവിക്കുന്ന നരകയാതനയെ കുറിച്ചും മെഹനാസ് കാപ്പൻ സംസാരിച്ചത്.

എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന ശേഷം, ഞാന്‍ മെഹനാസ് കാപ്പന്‍. ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് മെഹനാസ് പ്രസംഗം ആരംഭിച്ചത്.

"ഞാന്‍ മെഹനാസ് കാപ്പന്‍. ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തളക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍. ഇന്ത്യാ മഹാരാജ്യം 75ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വെച്ച ഈ മഹത്തരമായ വേളയില്‍ ഒരു ഭാരതീയന്‍ എന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും ഞാന്‍ പറയട്ടെ, ഭാരത് മാതാ കി ജയ്.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഭഗത് സിങിന്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മാക്കളുടെയും വിപ്ലവ നായകരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം. ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം എന്ത് കഴിക്കണം ഏത് മതം തിരഞ്ഞെടുക്കണം- ഇതിനെല്ലാം ചോയ്‌സ് ഉണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

ഇറങ്ങിപ്പോകാന്‍ പറയുന്നവരോട് എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. പുനര്‍ജന്മമായ ആ​ഗസ്ത് 15ന് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഇന്ത്യാ മഹാരാജ്യത്തിന്റെ അന്തസ്സ് ആരുടെ മുന്നിലും അടിയറ വെച്ചുകൂടാ. എന്നാല്‍ ഇന്നും എവിടെയൊക്കെയോ അശാന്തി പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്ട്രീയം- ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍. ഇതിനെയെല്ലാം ഒരുമിച്ച് സ്‌നേഹത്തോടെ, ഐക്യത്തോടെ നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ച് കളയണം.

ഒരുമിച്ച്, ഒരു ജീവനായി നമുക്ക് ജീവിക്കണം. ഇനിയും ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയിലെത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്‌നം കാണണം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ ധീര ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട്, ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ജയ് ഹിന്ദ്, ജയ് ഭാരത്,"

പ്രസംഗത്തിന്റെ വീഡിയോ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നുണ്ട്. എല്ലാ വർഷത്തേയും സ്വാതന്ത്ര്യ ദിനത്തിലും രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടി ശബ്ദമുയരാറുണ്ട്. ഇത്തവണ വിവിധ രാഷ്ട്രീയ-പൗരാവകാശ സംഘടനകൾ രാജ്യമെമ്പാടും വ്യാപക കാംപയിൻ ഉയർത്തിയ പശ്ചാത്തലത്തിലാണ് മെഹനാസ് കാപ്പന്റെ ഓരോ പൗരന്റേയും ഉള്ള് തൊടുന്ന പ്രസം​ഗം സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

Full View

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്റസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി കേസെടുത്തതോടെ അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. പിന്നീട് ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, മറ്റ് വകുപ്പുകളും ചുമത്തുകയായിരുന്നു.

കഴിഞ്ഞ 782 ദിവസമായി വിചാരണത്തടവുകാരനായി സിദ്ദീഖ് കാപ്പൻ യുപി ജയിലിലാണ്. 2021 ജൂലൈയില്‍ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷന്‍സ് കോടതി തള്ളിയിരുന്നു. 2022 ഫെബ്രുവരി 21ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് മറ്റൊരു ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നുവെങ്കിലും അതും തള്ളുകയായിരുന്നു. സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകൻ എന്ന പരിഗണന നൽകാനാവില്ലെന്ന വിചിത്ര വാദമുയർത്തിയാണ് പത്ത് ദിവസം മുമ്പ് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. 

Similar News