ഞാന്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍; രാജ്യത്തെ സേവിച്ചിട്ടും വിദേശിയാക്കിയത് വേദനിപ്പിച്ചെന്നു സനാഉല്ല

സനാഉല്ലയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുവാഹത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു

Update: 2019-06-08 15:05 GMT

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരനെന്നു മുദ്രകുത്തി അസമില്‍ തടവില്‍ കഴിഞ്ഞിരുന്ന കഴിഞ്ഞിരുന്ന ഇന്ത്യന്‍ കരസേന മുന്‍ അംഗം മുഹമ്മദ് സനാഉല്ല ജയില്‍മോചിതനായി. ഞാന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്നും ഇത്രയും കാലം രാജ്യത്തെ സേവിച്ചിട്ടും വിദേശിയെന്നു മുദ്രകുത്തി വിവാദമാക്കിയത് ഏറെ വേദനിപ്പിച്ചെന്നും സനാഉല്ല പറഞ്ഞു. ഇത്തരത്തിലൊരു വിവാദമുണ്ടായത് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ഇത്രയും കാലം രാജ്യത്തെ സേവിച്ച ശേഷം ഇത്തരമൊരു വിഷയം ഉന്നയിക്കപ്പെട്ടത് എങ്ങനെയാണെന്നറിയില്ല. ഇന്ത്യന്‍ കരസേനയില്‍ അസം ബോര്‍ഡര്‍ പോലിസില്‍ അംഗമായിരുന്ന സനാഉല്ലയെ ഇക്കഴിഞ്ഞ മെയ് 29നാണ് പൗരത്വ രജിസ്റ്ററില്‍ പേരില്ലെന്നു പറഞ്ഞ് അറസ്റ്റ് ചെയ്തത്. 53കാരനായ സനാഉല്ലയെ അനധികൃതമായി രാജ്യത്ത് താമസിച്ചെന്ന കുറ്റം ചുമത്തിയാണ് നടപടിയെടുത്തത്.

    സംഭവത്തില്‍ സനാഉല്ലയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുവാഹത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. അസം ബോര്‍ഡര്‍ പോലിസിലെ ഉദ്യോഗസ്ഥനായ ചന്ദ്രമാല്‍ ദാസിന്റെ അന്വേഷണത്തെ തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) അതോറിറ്റിക്കും നോട്ടീസ് അയച്ചിരുന്നു. 20 വര്‍ഷം സൈനികനായി സേവനമനുഷ്ഠിച്ച തന്നെ ഇത് ഏറെ വേദനിപ്പിച്ചു. എന്നാലും എന്റെ കേസ് കണ്ണ് തുറപ്പിക്കുന്നതാണ്. നീതി ലഭിക്കുമെന്നു തന്നെയാണ് വിശ്വാസം. തടങ്കല്‍ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള നിരവധി പേരെ കണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി ക്യാംപില്‍ കഴിയുകയാണവര്‍. ചിലര്‍ക്ക് നല്ല പ്രായമുണ്ട്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. എന്നെപ്പോലെ നിരവധി പേര്‍ക്ക് ഇതേ അനുഭവം പറയാനുണ്ട്. ഇത് അനന്തമായ ശിക്ഷയാണ്. അവര്‍ക്കൊക്കെ വേണ്ടി എന്തെങ്കിലും ചെയ്യണം. ഭയാനകമായ അവസ്ഥയാണെന്നും സനാഉല്ല പറഞ്ഞു. എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. എന്നെ വിട്ടയക്കാന്‍ പറഞ്ഞ ഹൈക്കോടതിക്ക് നന്ദി. നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. സത്യം തെളിയിക്കപ്പെടുമെന്ന പൂര്‍ണബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News