'എനിക്ക് 18 വയസ് കഴിഞ്ഞു, മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം'; സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Update: 2026-04-16 12:35 GMT


കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്‌സോ കേസില്‍ മധ്യപ്രദേശ് പോലിസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെണ്‍കുട്ടി കേരള പോലിസിന്റെ സംരക്ഷണം തേടി. തനിക്ക് കേരള പോലിസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറല്‍ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി സമര്‍പ്പിച്ചു. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പോലിസ് കൊച്ചിയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം മധ്യപ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പോലിസ് സംഘം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മധ്യപ്രദേശ് പോലിസ് വൈറല്‍ പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാല്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ല.

Tags: