ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുഈന്‍ അലിയെ നിയമിക്കാൻ ഹൈദരലി തങ്ങള്‍ നൽകിയ കത്ത് പുറത്ത്
ഹൈദരലി ശിഹാബ് തങ്ങളുടെ ലെറ്റര്‍ പാഡില്‍ മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ കത്താണിത്.
കോഴിക്കോട്: ലീഗ് മുഖപത്രമായ ചന്ദ്രികയിലെ പ്രശ്‌ന പരിഹാരത്തിന് മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത് പിതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ചന്ദ്രികയിലെ ഒമ്പതുകോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഈന്‍ അലി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയത് വിവാദമായിരിക്കുകയാണ്. ഇതിനിടെയാണ് ഹൈദരലി തങ്ങളാണ് മകനെ നിയോഗിച്ചതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരിക്കുന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ ലെറ്റര്‍ പാഡില്‍ മാര്‍ച്ച് അഞ്ചിന് ഇറങ്ങിയ കത്താണിത്. ചന്ദ്രികയിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഈൻ അലിയെ നിയോഗിച്ചിട്ടുണ്ടെന്നും സമീറും മാനേജ്‌മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നും ബാധ്യതകള്‍ തീര്‍ക്കണം എന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഹൈദരലി തങ്ങളുടെ കൈപ്പടയിലാണ് കത്ത്.
ചന്ദ്രികയിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇഡി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതോടെയാണ് ലീഗിനെയും പാണക്കാട് കുടുംബത്തെയും പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങള്‍ ഉടലെടുത്തത്. ഹൈദരലി തങ്ങളെ പികെ കുഞ്ഞാലിക്കുട്ടി ചതിയില്‍ വീഴ്ത്തിയതാണെന്ന് കെടി ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ശെരിവെക്കുന്ന തരത്തില്‍ മുഈന്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.