ശാഹീന്‍ ബാഗ് നൈറ്റ്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിഴ

Update: 2020-02-21 17:08 GMT

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'ശാഹീന്‍ ബാഗ് നൈറ്റ്' പരിപാടി സംഘടിപ്പിച്ചതിന് ഹൈദരാബാദ് സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി. ഫെബ്രുവരി 18നാണ് സര്‍വകലാശാല അധികൃതര്‍ പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 31ന് രാത്രി 9നു നോര്‍ത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ മതിലുകള്‍ തകര്‍ത്തെന്നാണ് സര്‍വകലാശാല അധികൃതരുടെ ആരോപണം. 'ഭാവിയില്‍ ജാഗ്രത പാലിക്കണമെന്നും പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശക്തമായ അച്ചടക്കനടപടിക്കും വിദ്യാര്‍ഥികളുടെ അക്കാദമിക് ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതത്തിനും ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

    സംഭവത്തെ അപലപിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉത്തരവും സര്‍ക്കുലറും പാലിക്കില്ലെന്നും ചുമത്തിയ പിഴ നിരുപാധികം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. 'ഭരണകൂടത്തിന് നടപടിക്ക് വഴങ്ങില്ലെന്നും വിദ്യാര്‍ഥികളുടെ ജനാധിപത്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എച്ച്‌സിയുയു അറിയിച്ചു. അംഗീകാരമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് യോഗങ്ങളോ പ്രതിഷേധങ്ങളോ സംഘടിപ്പിക്കാനുള്ള അവകാശം സ്ഥാപനം അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അധ്യാപക, അനധ്യാപക ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അക്കാദമിക്, താമസ ജീവിതത്തെ തടസ്സപ്പെടുത്താതെ നിയുക്ത സ്ഥലങ്ങളിലാണ് അനുമതിയെന്നും സര്‍വകലാശാല വക്താവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയത്. രാത്രി ഒമ്പത് മണിക്ക് ശേഷം കാംപസിലെ പൊതു ഇടങ്ങളില്‍ യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നും വാഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി ഒമ്പതിനു തുടങ്ങിയ പരിപാടി പുലര്‍ച്ചെ 2.30 വരെ തുടര്‍ന്നിരുന്നു.

    കാംപസ് ചട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ലംഘിച്ചതിന്റെ ചിത്രങ്ങളും വീഡിയോ തെളിവുകളും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഴയടയ്ക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ പി സര്‍ദാര്‍ സിങ് പറഞ്ഞു.




Tags:    

Similar News