ഭാര്യയ്ക്ക് വിവാഹേതര ബന്ധം; ചെന്നൈയില്‍ മൂന്നു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്
ചെന്നൈ: ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ രോഷാകുലനായ ഭര്‍ത്താവ് തന്റെ മൂന്ന് മക്കളെ കഴുത്തറുത്ത് അതിദാരുണമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗോപാലസമുദ്രം സ്വദേശിയായ വിനോദ് കുമാര്‍ (38) ആണ് തന്റെ മൂന്ന് മക്കളെയും കൊലപ്പെടുത്തിയത്.
മധുക്കൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓവിയ (12), കീര്‍ത്തി (8), ഈശ്വരന്‍ (5) എന്നിവരെയാണ് പിതാവ് ദാരുണമായി കൊലപ്പെടുത്തിയത്. പോലിസിന്റെ പ്രഥമിക അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രതിയുടെ ഭാര്യ നിത്യ (35) സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവാരൂര്‍ ജില്ലയിലെ മണ്ണാര്‍ഗുഡി സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് നിത്യ കാമുകന്റെ കൂടെ പോയി.ഭാര്യ ഉപേക്ഷിച്ചത് താങ്ങാന്‍ കഴിയാത്ത വിനോദ് കുമാര്‍ നിത്യയെ നേരില്‍ കണ്ട് തന്നോടൊപ്പം തിരികെ വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടതായി പോലിസ് പറഞ്ഞു. എന്നാല്‍ നിത്യ വിനോദിനൊപ്പം തിരികെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിക്കുകയും കാമുകനൊപ്പം താമസിക്കാനാണ് തീരുമാനമെന്ന് വിനോദിനോട് പറയുകയും ചെയ്തു.
ഭാര്യ ഉപേക്ഷിച്ച് പോയതില്‍ പ്രതി മാനസികമായി ബുദ്ധിമുട്ടിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഭാര്യയില്ലാതെ തന്റെ മൂന്ന് കുട്ടികളെ വളര്‍ത്താന്‍ വിനോദ് കഷ്ടപ്പെട്ടിരുന്നുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് നയിച്ചതായാണ് നിഗമനമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരം കുട്ടികള്‍ക്ക് പ്രതി മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കി. കുട്ടികള്‍ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ വിനോദ് കുമാര്‍ തന്റെ മൂന്ന് കുട്ടികളുടെയും കഴുത്ത് അറുത്ത് ദാരുണമായി കൊലപ്പെടുത്തി. മക്കള്‍ മരിച്ചെന്ന് ഉറപ്പിച്ചതിന് പിന്നാലെ വിനോദ്കുമാര്‍ മധുക്കൂര്‍ പോലിസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. തന്റെ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതായി പ്രതി പോലിസിന് മൊഴി നല്‍കി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
