ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപംകൊണ്ടു; തെക്കന്‍ കേരളത്തില്‍ സൈക്ലോണ്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2020-12-02 01:04 GMT

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ് (സൈക്ലോണ്‍ അലേര്‍ട്ട്) പ്രഖ്യാപിച്ചു. ഡിസംബര്‍ 2നു പുലര്‍ച്ചെ മൂന്നിനു പുറത്തുവിട്ട അവസാന വിവരം പ്രകാരം ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8.1 ഡിഗ്രി സെല്‍ഷ്യസ് അക്ഷാംശത്തിലും 84.2 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 330 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 740 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ഡിസംബര്‍ 2ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നോടു കൂടി ഗള്‍ഫ് ഓഫ് മാന്നാറിലെത്തുകയും 4ന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്:

    ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളാ തീരത്ത് നിന്ന് കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോവാന്‍ അനുവദിക്കുന്നതല്ല.

    ഡിസംബര്‍ രണ്ടുമുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

    അതിനിടെ, ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദേശം നല്‍കി. കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, വെങ്ങാനൂര്‍, കുളത്തുമ്മല്‍ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കോട്ടുകാല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാരോട്, പാറശാല, തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, കൊല്ലയില്‍, ആനാവൂര്‍, പെരുങ്കടവിള, കീഴാറൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, അരുവിക്കര, ആനാട്, പനവൂര്‍, വെമ്പായം, കരിപ്പൂര്‍, തെന്നൂര്‍, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാല്‍, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂര്‍, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂര്‍ക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിര്‍ദേശം. ഇവിടങ്ങളില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു.


*തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-യെല്ലോ അലേർട്ട്* *ബംഗാൾ ഉൾക്കടലിൽ ബുറേവി...

Posted by Kerala State Disaster Management Authority - KSDMA on Tuesday, 1 December 2020


Hurricane Burevi: Cyclone alert declared in South Kerala

Tags:    

Similar News