അപ്പാര്‍ട്ട്‌മെന്റുകളിലെ ഹോം ക്വാറന്റൈന്‍ പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-06-05 15:18 GMT

കണ്ണൂര്‍: വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും ഹോം ക്വാറന്റൈനില്‍ അയക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ്, വില്ലകള്‍ എന്നിവിടങ്ങളില്‍ ഹോം ക്വാറന്റൈന്‍ ഏര്‍പ്പാടാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ കണ്ണൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റനീഷ് കാക്കടവത്ത് നല്‍കിയ പരാതിയിലാണ് നടപടി.

    അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ളാറ്റുകളിലും വില്ലകളിലും ക്വാറന്റൈന് അവസരം നല്‍കിയാല്‍ അത് സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കുമെന്ന് പരാതിയില്‍ പറയുന്നു. അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും പത്രവിതരണം മുതല്‍ മാലിന്യ നിര്‍മാര്‍ജനം വരെ നടക്കുന്നത് പൊതുവഴിയിലൂടെയാണ്. പൊതു ലിഫ്റ്റുകളാണ് ഓരോ നിലകളിലെയും താമസക്കാര്‍ ഉപയോഗിക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കൊവിഡ് ബാധിതനുണ്ടെങ്കില്‍ അദ്ദേഹം ഉപയോഗിക്കുന്നതും പൊതുവഴിയും ലിഫ്റ്റും ആയിരിക്കും. അപ്പാര്‍ട്ട്‌മെന്റ് റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയെങ്കിലും സര്‍ക്കാര്‍ ഇവരുമായി കൂടിയാലോചിക്കാതെയാണ് ക്വാറന്റൈന്‍ സംബന്ധിച്ച തീരുമാനമെടുത്തത്.

    പരാതി വസ്തുനിഷ്ഠവും പുതിയ സാഹചര്യത്തില്‍ തികച്ചും പ്രസക്തവുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ പുനരാലോചന അനിവാര്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.




Tags: