ഭവന നിര്‍മ്മാണ വായ്പയെടുത്തയാള്‍ മരിച്ചു; കുടുംബത്തിന് ആശ്വാസകരമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-06-01 13:26 GMT

കോഴിക്കോട്: ഭവന നിര്‍മാണ വായ്പയെടുത്തയാള്‍ മരിച്ച സാഹചര്യത്തില്‍ ഗൃഹനാഥന്റെ കുടുംബത്തിന് ആശ്വാസകരമായ നടപടി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മാങ്കാവ് ശാഖയില്‍ നിന്നും 8 ലക്ഷം രൂപയുടെ ഭവനനിര്‍മ്മാണ വായ്പയെടുത്ത നിര്‍ദ്ധന കുടുംബത്തിലെ ഗൃഹനാഥനായ പന്നിയങ്കര സ്വദേശി സുരേഷ് ബാബു വൃക്കരോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് വായ്പ ബാധ്യതയായി മാറിയെന്ന പരാതിയില്‍ ഇടപെട്ടുകൊണ്ടാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. പരേതനായ സുരേഷ് ബാബുവിന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടോടെ സമീപിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സുരേഷ് ബാബുവിന്റെ കുടുംബത്തിന് ആശ്വാസം നല്‍കാന്‍ കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിയും ജില്ലാ സാമൂഹികചീഫ് സെക്രട്ടറിയും ജില്ലാ സാമൂഹിക നീതി ഓഫീസറും 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.

ഭവന നിര്‍മ്മാണ വായ്പ നല്‍കുമ്പോള്‍ വായ്പയെടുക്കുന്നയാള്‍ മരിച്ചാല്‍ വായ്പാ തുക പൂര്‍ണമായും കവര്‍ ചെയ്യുന്ന വിധത്തിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരു യോഗം ചീഫ് സെക്രട്ടറി തലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മറ്റ് ബാങ്കുകള്‍ ഭവന വായ്പ നല്‍കുമ്പോള്‍ വായ്പക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാറുണ്ട്.

എന്നാല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ ഇത്തരം പരിരക്ഷ നിലവിലില്ലെന്നും പരിരക്ഷയുണ്ടായിരുന്നെങ്കില്‍ വന്‍ ബാധ്യത കുടുംബത്തിന് ഒഴിവാക്കാമായിരുന്നുവെന്നുമാണ് പരാതി. കമ്മീഷന്‍ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. വായ്പ്പ എടുക്കുന്നയാളിന് താത്പര്യമുണ്ടെങ്കില്‍ മാത്രം ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജ് സ്വീകരിച്ചാല്‍ മതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചയാള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജ് ലഭ്യമല്ലെന്നും വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ സര്‍ഫാസി നിയമപ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കേരള ഗ്രാമീണ്‍ ബാങ്ക് കമ്മീഷനെ അറിയിച്ചു. 2021 ജൂലൈ 22 ലെ കണക്കനുസരിച്ച് 876545 രൂപ തിരിച്ചടക്കാനുണ്ട്.

6260 വായ്പ അക്കൗണ്ടുകളിലായി ഒന്‍പത് കോടിയിലധികം രൂപ ബാങ്ക് എഴുതി തള്ളിയിട്ടുണ്ടെന്നും ഉടമകളില്ലാത്ത 21 കോടിയിലധികം രൂപ ബാങ്കിന്റെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് മരിച്ച സുരേഷ്ബാബുവിന്റെ വായ്പ എഴുതി തള്ളണമെന്നും പരാതിക്കാരനായ പൊതു പ്രവര്‍ത്തകന്‍ കാട്ടില്‍ ബാലചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

Tags:    

Similar News