മഹാമാരിയിലും വര്‍ഗീയ വൈറസ് പരത്തി ഹിന്ദി പത്രങ്ങള്‍; ഒരു 'ദൈനിക് ജാഗരണ്‍' പഠനം

ന്യൂഡല്‍ഹിയിലെ തബ് ലീഗ് ജമാഅത്ത് മര്‍കസില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെടുത്തി അവിശ്വസനീയവും ആധികാരികതയില്ലാത്തതുമായ 171 സ്റ്റോറികളാണ് 'ദൈനിക് ജാഗരണ്‍' നല്‍കിയതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ദാനിയല്‍ കൊവിഡ് 19നെ കുറിച്ചുള്ള പത്രത്തിന്റെ റിപോര്‍ട്ടിങിനെ കുറിച്ച് നടത്തിയ വിശകലനത്തില്‍ കണ്ടെത്തി.

Update: 2020-04-13 01:58 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ഇന്ത്യയിലെ ചില ഹിന്ദി ദിനപത്രങ്ങള്‍ വര്‍ഗീയ വൈറസ് പരത്തുന്നു. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്ന, വലതുപക്ഷ-സംഘപരിവാര സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന 'ദൈനിക് ജാഗരണ്‍' എന്ന പത്രത്തില്‍ മാത്രം ഇതുസംബന്ധിച്ച് വന്ന കള്ളക്കഥകള്‍ ഏറെയാണ്. ദിനംപ്രതി കൊവിഡ് 19 കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി പ്രചാരണമുള്ള പത്രം ഇസ് ലാമോഫോബിയ വളര്‍ത്തുന്നതിലും സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂഡല്‍ഹിയിലെ തബ് ലീഗ് ജമാഅത്ത് മര്‍കസില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെടുത്തി അവിശ്വസനീയവും ആധികാരികതയില്ലാത്തതുമായ 171 സ്റ്റോറികളാണ് 'ദൈനിക് ജാഗരണ്‍' നല്‍കിയതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ദാനിയല്‍ കൊവിഡ് 19നെ കുറിച്ചുള്ള പത്രത്തിന്റെ റിപോര്‍ട്ടിങിനെ കുറിച്ച് നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. പത്രത്തിന്റെ മുസ് ലിം വിരുദ്ധതയെ തുറന്നുകാട്ടുന്നതാണ് ഷു ഐബ് ദാനിയലിന്റെ കണ്ടെത്തല്‍.

    ഇക്കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 11 വരെ ദൈനിക് ജാഗരണിന്റെ ഡല്‍ഹി എഡിഷനിലെ 171 സ്റ്റോറികളുടെയും തലക്കെട്ടുകളുടെയും പൂര്‍ണമായ വിശകലനം നടത്തിയപ്പോള്‍ പ്രധാനമായും അഞ്ച് പദങ്ങള്‍ ആവര്‍ത്തിക്കുന്നതായി അദ്ദേഹം പറയുന്നു. തബ് ലീഗ് ജമാഅത്ത്, ജമാഅത്ത്, ജമാഅത്തി, മര്‍കസ്, നിസാമുദ്ദീന്‍ എന്നിവയാണവ. ഈ അഞ്ച് വാക്കുകള്‍ 15 ദിവസത്തെ വാര്‍ത്തകളുടെയും തലക്കെട്ടില്‍ ഇടംനേടി. ദിവസം ശരാശരി 10 ലധികം സ്ഥലത്ത് ഇതേ പ്രയോഗങ്ങള്‍ നടത്തി. 171 സ്‌റ്റോറികളുടെയും വാര്‍ത്തകളുടെയും വിശകലനം ഇപ്രകാരമാണ്. 49 ഒറ്റക്കോളം വാര്‍ത്ത, 51 ഇരട്ട കോളം, 19 മൂന്നുകോളം, 16 നാലുകോളം, 8 അഞ്ചുകോളം, 8 ആറു കോളം, 5 ഏഴു കോളം വാര്‍ത്തകള്‍ എന്നിങ്ങനെയാണ് നല്‍കിയത്.

    അതേ 15 ദിവസ കാലയളവില്‍ 'ദൈനിക് ജാഗരണ്‍' തബ് ലീഗ് ജമാഅത്ത് വിഷയം അഞ്ച് എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളിലും രണ്ട് അഭിപ്രായങ്ങളും ഉള്‍പ്പെടെ എട്ട് എഡിറ്റോറിയലുകളാണ് പ്രസിദ്ധീകരിച്ചത്. മാത്രമല്ല, ഒരുതവണ അത്യന്തം പ്രകോപനപരമായ രീതിയില്‍ 'വൈറസ് കി ജമാഅത്ത്' എന്ന തലക്കെട്ട് നല്‍കി ഒരു മുഴുപേജ് പത്രമാണിറക്കിയത്. പലപ്പോഴും ദൈനിക് ജാഗരണിന്റെ തലക്കെട്ടുകള്‍ ഊഹങ്ങളും ഭാവനകളുമായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് പകര്‍ച്ചവ്യാധി പകരാം, ജമാഅത്തില്‍ പങ്കെടുക്കുന്നവര്‍ വാങ്ങിയ സിം കാര്‍ഡുകള്‍ ഹിന്ദുക്കളുടെ പേരില്‍, ജമാഅത്ത് രോഗികളെ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ ആഹ്വാനം, ജമാഅത്തുകാര്‍ ബസ്സില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു, ജമാഅത്തുകാര്‍ മരുന്നുകള്‍, ബിരിയാണി, പഴങ്ങള്‍ എന്നിവ ആവശ്യപ്പെടുന്നു, തബ് ലീഗ് ജമാഅത്തുകാര്‍ വരാണസിയെ അടിസ്ഥാന ക്യാംപാക്കി മാറ്റി, ഒമ്പത് വിദേശികള്‍ 11 ജമാഅത്തുകാരോടൊപ്പം പള്ളികളില്‍ ഒളിച്ചിരിക്കുന്നു, ഗുജറാത്തിലേക്ക് പോയ തബ് ലീഗുകാരെ കണ്ടെത്താന്‍ റോയുടെ സഹായം, തബ് ലീഗ് ജമാണത്ത് പാകിസ്താനും തലവേദന, ജെഎന്‍യു പോസ്റ്ററില്‍ തബ് ലീഗുകാര്‍ക്ക് പിന്തുണ തുടങ്ങിയവയായിരുന്നു തലക്കെട്ടുകള്‍.

    മാത്രമല്ല, ദൈനിക് ജാഗരണിന്റെ എഡിറ്റോറിയലുകളില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് വലിയ അശ്രദ്ധ, ഗുരുതര പിഴവ്, ദേശവിരുദ്ധ പിഴവ് തുടങ്ങിയവയാണ്. എഡിറ്റോറിയലുകളാവട്ടെ നിയമാനുസൃതമായ മാധ്യമപ്രവര്‍ത്തനം മാറ്റിവച്ച് പ്രത്യയശാസ്ത്ര പ്രചാരണത്തിലാണ് മുഴുകിയത്. അതേസമയം തന്നെ പത്രം സംഘപരിവറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് മികച്ച പ്രചാരണവും നല്‍കുന്നുണ്ട്. ഇതേക്കുറിച്ച് ദിവസം ഒരു പേജില്‍ രണ്ട് കഥകളാണു നല്‍കുന്നത്. ജമാഅത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനെ കുറിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ പ്രസ്താവനയുംആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യയുടെ മരണസംഖ്യ ഉയരുന്നതിനെയും തബ് ലീഗ് ജമാഅത്തില്‍ പങ്കെടുക്കുന്നവര്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്നും ആരോപിക്കുന്നവയാണ് പ്രസിദ്ധീകരിച്ചത്. തബ് ലീഗ് ജമാഅത്തിനെ കുറിച്ചുള്ള വാര്‍ത്തകളിലും റിപോര്‍ട്ടിങുകളിലും മറുവശം കൂടി പ്രസിദ്ധീകരിക്കുകയെന്ന സാമാന്യ മാധ്യമ മര്യാദ ദൈനിക് ജാഗരണ്‍ ഒരിക്കല്‍പോലും കാണിച്ചിട്ടില്ല.

    ഉത്തരേന്ത്യയില്‍ വന്‍ പ്രചാരണമുള്ള ദൈനിക് ജാഗരണിന്റെ 75ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു. പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഗുപ്തയെ മോദി സര്‍ക്കാര്‍ അമൃത് സറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറായി നാമനിര്‍ദേശം ചെയ്തതായി ആരോപണമുണ്ട്. 


Tags: