കൊല്ലത്ത് വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ട വീട്ടമ്മ മരിച്ചു

Update: 2021-07-25 04:12 GMT
കൊല്ലം: വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. നീരാവില്‍ ജങ്ഷനു സമീപം താമസിക്കുന്ന ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നകാര്യം പാലിയേറ്റീവ് നഴ്‌സ് മാര്‍ഗരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ബീറ്റ് ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു.

    മൃതദേഹം ഏറ്റുവാങ്ങാന്‍ ഗണേശന്‍ മെഡിക്കല്‍ കോളജിലെത്തിയെങ്കിലും ഡോക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് മൃതദേഹ പരിശോധനയ്ക്കായി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോളിയുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരുവീട്ടിലാണ് താമസം. രണ്ട് പെണ്‍മക്കള്‍ കൂടെയുണ്ടെങ്കിലും പരിചരണം നല്‍കാന്‍ കഴിയാത്തനിലയിലായിരുന്നു അവര്‍. പോലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. ബന്ധപ്പെട്ടവരില്‍ നിന്ന് ഇന്ന് പോലിസ് മൊഴിയെടുക്കും.

Tags:    

Similar News