അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ തലയോട്ടിയില്‍ കൊമ്പ്

ബയോമെക്കാനിക്‌സില്‍ നടന്ന പുതിയ ഗവേഷണ പ്രകാരം കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്ന യുവജനങ്ങളുടെ തലയോട്ടിയുടെ പിന്‍ഭാഗത്ത് കൊമ്പുപോലുള്ള മുഴ വളരുന്നതായി കണ്ടെത്തി

Update: 2019-06-22 16:06 GMT

വാഷിങ്ടണ്‍: മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ദിനചര്യകളിലെയും സ്വഭാവത്തിലെയും മാറ്റത്തിനൊപ്പം ശാരീരിക ഘടനയിലും മാറ്റം വരുത്തുന്നതായി പഠനം. ബയോമെക്കാനിക്‌സില്‍ നടന്ന പുതിയ ഗവേഷണ പ്രകാരം കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്ന യുവജനങ്ങളുടെ തലയോട്ടിയുടെ പിന്‍ഭാഗത്ത് കൊമ്പുപോലുള്ള മുഴ വളരുന്നതായി കണ്ടെത്തി. കൂടുതല്‍ സമയം കഴുത്ത് മുന്നോട്ടാഞ്ഞ് ഇരിക്കുന്നതു മൂലം ശരീര ഭാരം നട്ടെല്ലില്‍ നിന്ന് തലയുടെ പിന്‍ഭാഗത്തുള്ള പേശികളിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതു മൂലം ചലനഞരമ്പിനെയും അസ്ഥിബന്ധത്തെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് അസ്ഥി വളര്‍ച്ചയുണ്ടാകുന്നു. സ്ഥിരമായ ഉരസല്‍ മൂലം തൊലിയില്‍ തഴമ്പ് രൂപപ്പെടുന്നതിന് സമാനമാണിത്.

കഴുത്തിന് തൊട്ടുമുകളില്‍ തലയോട്ടിയില്‍ നിന്നാണ് കൊമ്പുപോലുള്ള വളര്‍ച്ചയുണ്ടാവുന്നത്. കാര്യമായ വളര്‍ച്ചയുള്ളവരുടെ തലയോട്ടിയുടെ കീഴ്ഭാഗത്ത് വിരല്‍കൊണ്ട് സ്പര്‍ശിച്ചാല്‍ തന്നെ ഇത് തിരിച്ചറിയാനാവും. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്ലന്റില്‍ നിന്നുള്ള സണ്‍ഷൈന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെ കൈയില്‍ പിടിച്ച് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍ അമിതമായി കുനിഞ്ഞിരിക്കാന്‍ കാരണമാവുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ടെക്സ്റ്റ് നെക്കിനെക്കുറിച്ച്(സ്ഥിരമായി മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നതു മൂലം കഴുത്തില്‍ ഉണ്ടാവുന്ന വേദന) ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ടെക്സ്റ്റിങ് തമ്പിന്(മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ തള്ളവിരലിലെ പ്രശ്‌നം) ഡോക്ടര്‍മാര്‍ ഇതിനകം ചികില്‍സ ആരംഭിച്ചിട്ടുണ്ട്. അതിനിടയിലാണ് ശരീരത്തിലെ അസ്ഥിഘടനയില്‍ തന്നെ ഫോണ്‍ ഉപയോഗം മാറ്റം വരുത്തുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

നാച്വര്‍ റിസര്‍ച്ചിന്റെ സയന്റിഫിക്ക് റിപോര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ഉള്‍പ്പെടുത്തി കഴിഞ്ഞയാഴ്ച്ച ബിബിസി പ്രത്യേക റിപോര്‍ട്ട് പുറത്തുവിട്ടതോടെയാണ് ഇത് ശ്രദ്ധയാകര്‍ഷിച്ചത്. ബയോമെക്കാനിക്‌സില്‍ പിഎച്ച്ഡി നേടിയിട്ടുള്ള ജേവിഡ് ശാഹര്‍, സണ്‍ഷൈന്‍ കോസ്റ്റിലെ ബയോമെക്കാനിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ മാര്‍ക്ക് സെയേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പഠന റിപോര്‍ട്ട് തയ്യാറാക്കിയത്. തലയോട്ടിയില്‍ 10 മില്ലീമീറ്ററിന് മുകളിലുള്ള വളര്‍ച്ചകളെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. 18 വയസിനും 86 വയസിനും ഇടയിലുള്ള ആയിരത്തിലേറെ പേരുടെ എക്‌സ്‌റേയാണ് ഇവര്‍ പരിശോധിച്ചത്. ഇതില്‍ നിന്ന് 18നും 30നും ഇടയില്‍ പ്രായമുള്ള 41 ശതമാനം പേരിലും ഇത്തരത്തിലുള്ള വളര്‍ച്ച കണ്ടെത്തി. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടത്. ഇവരുടെ ശീലങ്ങളുമായി താരതമ്യം ചെയ്താണ് മൊബൈല്‍ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നമാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. 30 മില്ലീമീറ്റര്‍ വരെ വലുപ്പത്തിലുള്ള മുഴ ചിലരില്‍ കണ്ടെത്തിയിട്ടുണ്ട്.  

Tags: