ഫറൂഖ് കോളജില്‍ സംഘപരിവാര അനുകൂല ചരിത്രകാരന് സ്വീകരണം; ചടങ്ങില്‍ നിന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ പിന്‍വാങ്ങി

അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം പ്രഫസര്‍ സെയ്ദ് അലി റിസ്‌വി തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

Update: 2019-10-15 12:53 GMT

കോഴിക്കോട്: സംഘപരിവാര അനുകൂല വിവാദ പുരാവസ്തു ഗവേഷന്‍ കെ കെ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ പിന്‍വാങ്ങി. സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച് ഈ മാസം 19ന് ഫറൂഖ് കോളജില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ആണ് കെ കെ മുഹമ്മദിനെ ആദരിക്കുന്നത്. കേരള ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ അബ്ദുറബ്ബ് പിന്‍ വാങ്ങിയിരിക്കുന്നത്.

അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം പ്രഫസര്‍ സെയ്ദ് അലി റിസ്‌വി തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അബ്ദുറബ്ബിന്റെ പിന്മാറ്റം.

അലിഗഡ് സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ പി കെ അബ്ദുറബ്ബ് എംഎല്‍എയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. കേരളത്തിലെ എഎംയു അലുംനി ആണ് പരിപാടിയുടെ സംഘാടകര്‍. പരിപാടിക്കെതിരെ എംഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്.

സംഘപരിവാര്‍ വേദികളിലെ സ്ഥിരം സാന്നിധ്യവും ബാബരി വിഷയത്തിലുള്‍പ്പെടെ സംഘപരിവാര്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന വാദങ്ങളുയര്‍ത്തിയ കെ കെ മുഹമ്മദിനെ ആദരിക്കുന്നതിനെതിരെ അലിഗഢ് വിദ്യാര്‍ഥി സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News