കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേക്ക് താക്കീത്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

Update: 2021-01-14 11:29 GMT

കൊച്ചി: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്. എറണാകുളം വനിതാ സ്റ്റേഷനിൽ മഫ്തിയിലെത്തിയപ്പോൾ പാറാവുനിന്ന വനിതാ പോലിസ് തടഞ്ഞതിന് അവരെ ഡിസിപി സ്ഥലം മാറ്റിയിരുന്നു.

സംഭവം വാർത്തയാകുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിന് റിപോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തൽ.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മഫ്തിയിൽ എറണാകുളം നോർത്തിലുള്ള വനിത പോലിസ് സ്റ്റേഷനിൽ അടിയന്തര സന്ദർശനത്തിനെത്തുന്നത്. വാഹനം നോർത്ത് സ്റ്റേഷനു മുന്നിൽ പാർക്കു ചെയ്തശേഷം നടന്നു സമീപത്തുള്ള സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. സ്റ്റേഷനിലേക്ക് ഇടിച്ചു കയറുന്ന യുവതിയെക്കണ്ട് പാറാവുനിന്ന വനിത പോലിസ് തടഞ്ഞു ചോദ്യം ചെയ്തിരുന്നു.

ഇത് ഇഷ്ടപ്പെടാതിരുന്ന ഡിസിപി ഔദ്യോഗിക വാഹനത്തിൽ വന്നിട്ടും തന്നെ തിരിച്ചറിഞ്ഞില്ലെന്നതിന് വിശദീകരണം ചോദിച്ചു. വാഹനത്തിൽ വന്നതു കണ്ടില്ലെന്നും സിവിൽ വേഷത്തിലായതിനാൽ തിരിച്ചറിഞ്ഞില്ലെന്നുമുള്ള വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെ ഇവരെ രണ്ടു ദിവസത്തേക്ക് ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് ഡിസിപി തന്നെ കഴിഞ്ഞ ദിവസം വിശദീകരിക്കുകയും ചെയ്തിരുന്നു.

Similar News