ഹിന്ദുത്വ കലാപം; നജ്മുദ്ദീന് നഷ്ടമായത് മൂന്ന് പെണ്‍മക്കളുള്ള കുടുംബത്തിന്റെ ഏക ജീവിത മാര്‍ഗം

Update: 2022-04-13 10:12 GMT

കരൗലി: രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദുത്വ ആക്രമണത്തില്‍ വയോധികനായ നജ്മുദ്ദീന് നഷ്ടമായത് തന്റെ കുടുംബത്തിന്റെ ഏക ജീവിത മാര്‍ഗം. കരൗലിയിലെ ബൂറ ബതാഷ ഗലിയിലെ നജ്മുദ്ദീന്റെ ഡ്രൈ ഫ്രൂട്ട്‌സും സുഗന്ധവ്യജ്ഞനങ്ങളും വില്‍ക്കുന്ന ചെറിയ കട സംഘപരിവാര്‍ അക്രമി സംഘം തകര്‍ത്തു. കുറച്ച് സാധനങ്ങള്‍ കവര്‍ന്ന ശേഷം കട പൂര്‍ണമായും അഗ്നിക്കിരയാക്കുകയായിരുന്നെന്ന് നജ്മുദ്ദീന്‍ പറയുന്നു.

ഏപ്രില്‍ 2ന് വൈകുന്നേരമാണ് ഒരു ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുള്ള നജ്മുദ്ദീന്റെ ഏക വരുമാന മാര്‍ഗമാണ് കട നശിച്ചതോടെ നഷ്ടമായത്.

കരൗലിയില്‍ ഹിന്ദുത്വ അക്രമം പൊട്ടിപ്പുറപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മുസ് ലിം സമുദായത്തിന്റെ 40ലധികം വീടുകളും നിരവധി കച്ചവട സ്ഥാപനങ്ങളും അഗ്‌നിക്കിരയായി. ഹിന്ദു പുതുവത്സരം ആഘോഷിക്കുന്നതിനായി ഹിന്ദു സേന നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിയെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

ബൈക്കുകളില്‍ ഘോഷയാത്രയായി എത്തിയ ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മുസ് ലി പ്രദേശത്തുകൂടി കടന്നുപോയത്. കൂടാതെ വലിയ ശബ്ദത്തില്‍ പാട്ടുവയ്ക്കുകയും മുസ് ലിംകളെക്കൊണ്ട് രാമനെ വണങ്ങി ജയ് ശ്രീറാം വിളിപ്പിക്കുമെന്നും വിളിച്ചുപറഞ്ഞു.

ഹിന്ദു സേനയുടെ ബൈക്ക് റാലിക്ക് പോലിസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും റാലി നടന്നു. കലക്ടറുടെ സഹായത്തോടെയാണ് അനുമതി ലഭിച്ചതെന്ന് പറയപ്പെടുന്നു. റാലിയില്‍ ഹിന്ദുസേന സംസ്ഥാന അധ്യക്ഷന്‍ സാഹിബ് സിംഗ് ഗുജ്ജര്‍ പങ്കെടുത്തു.

Tags:    

Similar News