ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്തിയ ഹിന്ദുത്വര്‍ പോലിസ് പിടിയില്‍

തടസ്സപ്പെടുത്തും എന്ന ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വെള്ളിയാഴ്ച നഗരത്തില്‍ മുസ്‌ലിംങ്ങള്‍ നമസ്‌കരിക്കാറുള്ള അഞ്ച് സ്ഥലങ്ങളില്‍ അഞ്ഞൂറോളം പോലിസുകാരെ വിന്യസിച്ചിരുന്നു

Update: 2021-10-31 01:37 GMT

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 12 പ്രദേശത്ത് വള്ളിയാഴ്ച ജുമുഅ നടത്തിയ മുസ്‌ലിംങ്ങളെ തടസ്സപ്പെടുത്തിയതിന് നിരവധി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പിടികൂടിയതായി പോലിസ് പറഞ്ഞു. പ്രതിഷേധക്കാര്‍ 'ജയ് ശ്രീ റാം' മുദ്രാവാക്യം വിളിക്കുകയും 'ജുമുഅക്കെതിരെ' ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

തുറസ്സായ സ്ഥലത്ത് പ്രാര്‍ഥന നടത്തിയാല്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ അതു തടസ്സപ്പെടുത്തും എന്ന ഭീഷണിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വെള്ളിയാഴ്ച നഗരത്തില്‍ മുസ്‌ലിംങ്ങള്‍ നമസ്‌കരിക്കാറുള്ള അഞ്ച് സ്ഥലങ്ങളില്‍ അഞ്ഞൂറോളം പോലിസുകാരെ വിന്യസിച്ചിരുന്നു. ഡിഎല്‍എഫ് ഘട്ടം3, സെക്ടര്‍ 12എ, സെക്ടര്‍ 14, സെക്ടര്‍ 56, സെക്ടര്‍ 47 എന്നിവയാണ് അഞ്ച് പ്രാര്‍ഥനാ സ്ഥലങ്ങള്‍.

2018ല്‍ ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പ്രാര്‍ഥന നടത്താന്‍ മുസ്‌ലിംങ്ങള്‍ക്കായി നഗരത്തിലെ 37 സ്ഥലങ്ങള്‍ നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങള്‍ ഉണ്ടായി.പിന്നീട് ഇപ്പോള്‍ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് ഹിന്ദുത്വ സംഘടനകള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെതിരെ വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്. നേരത്തെ, സെക്ടര്‍ 47 ലെ സൈറ്റുകളിലൊടത്തെ ജുമുഅ നമസ്‌ക്കാരം ഹിന്ദുത്വര്‍ തടസ്സപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായി വെള്ളിയാഴ്ചകളില്‍ ജുമുഅ നടക്കുന്ന സമയത്ത് ഹിന്ദു പ്രാര്‍ഥനകള്‍ മുഴക്കിക്കൊണ്ട് പ്രതിഷേധിക്കുകയാണ്

ഇതിന് പുറമെ, ഒക്ടോബര് 26 ന് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ ബാനറില്‍ ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ജില്ലയിലുടനീളം ക്രമസമാധാന സാഹചര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.സംഘര്‍ഷസാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനം നിലനിര്‍ത്താന്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് മേധാവി പറഞ്ഞു. 'ഞങ്ങള്‍ക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്, ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തും, നിസ്‌ക്കരിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കും,' അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ പ്രാദേശിക ഭരണകൂടം നല്‍കിയ എല്ലാ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നു. ക്രമസമാധാനം തകര്‍ക്കരുതെന്ന് ഞങ്ങള്‍ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ (ഹിന്ദുത്വര്‍ ) നമ്മെ ലക്ഷ്യമിടുന്നുവെങ്കില്‍, ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കില്ല.'മുസ്‌ലിം ഏക്താ മഞ്ച് ചെയര്‍മാന്‍ ഹാജി ഷെഹ്‌സാദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശവാസികളും മറ്റ് ചില ആളുകളും പൊതുസ്ഥലത്ത് നമസക്കാരം നിര്‍വഹിച്ചതിനെതിരേ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷ സാധ്യതയുണ്ടാക്കി എന്നുകാണിച്ച് ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമ മെഹ്മൂദ് ഖാന്‍ സെക്ടര്‍ 14 പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലമുള്ള പരാതി നല്‍കി.

Tags: