മാരകായുധങ്ങളുമായി ഹിന്ദുത്വ സംഘടനകളുടെ റാലി; മുസ്‌ലിം വീടുകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു, പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)

ചൊവ്വാഴ്ച ഛത്തീസ്ഗഢ് കവര്‍ധ ജില്ലയിലെ ലോഹര നാകയിലാണ് 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് മൂവായിരത്തോളം വരുന്ന തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരേ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്.

Update: 2021-10-07 15:52 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാരകായുധങ്ങളുമായി ഹിന്ദുത്വസംഘടനകള്‍ നടത്തിയ റാലി അക്രമാസക്തമായി. ചൊവ്വാഴ്ച ഛത്തീസ്ഗഢ് കവര്‍ധ ജില്ലയിലെ ലോഹര നാകയിലാണ് 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് മൂവായിരത്തോളം വരുന്ന തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരേ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. കാവിക്കൊടികളും ആയുധങ്ങളുമായി വീടുകള്‍ക്കും കടകള്‍ക്കും മുകളില്‍ക്കയറി അക്രമികള്‍ ഭീഷണിയും വെല്ലുവിളിയും നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമത്തില്‍ നിരവധി മുസ്‌ലിംകള്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പോലിസ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ചായിരുന്നു ഹിന്ദുത്വര്‍ റാലി നടത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ വാളും ലാത്തിയും അടക്കം നിരവധി മാരകായുധങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. മുസ്‌ലിം വീടുകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെയും മുസ്‌ലിംകള്‍ക്കുനേരേ ആക്രോശം നടത്തുന്നതിന്റെയും ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. വൈകുന്നേരത്തോടെ പോലിസ് ബലം പ്രയോഗിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍നിന്ന് 126 കിലോമീറ്റര്‍ അകലെ കവര്‍ധ ജില്ലയിലെ ലോഹര നാകയില്‍ ഞായറാഴ്ചയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

അക്രമത്തിന് മുതിര്‍ന്ന ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ അടിച്ചോടിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ സാധാരണയായി ഉപയോഗിക്കുന്ന ചന്ദ്രക്കലയുള്ള പച്ചപ്പതാക പാകിസ്താന്‍ പതാകകളെന്നാരോപിച്ച് ഹിന്ദുസേനാ അംഗങ്ങള്‍ കത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചില ഹിന്ദുത്വര്‍ ഇസ്‌ലാമിക പതാകകള്‍ കത്തിച്ചതിന് പുറമെ മുസ്‌ലിംകളെ അധിക്ഷേപിക്കുകയും കലാപത്തിന് കോപ്പുകൂട്ടുകയും ചെയ്തു- ലോഹര നാക ചൗക്കിലെ പ്രദേശവാസിയായ നൗഷാദ് മക്തൂബ് മാധ്യമത്തോട് പറഞ്ഞു. 'എന്നെ എന്റെ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി തല്ലി.

രക്തസ്രാവമുണ്ടായപ്പോള്‍ മാത്രമാണ് അവര്‍ എന്നെ ഉപേക്ഷിച്ചത്. പോലിസുണ്ടായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. അവര്‍ അവരുടെ ബാറ്റണ്‍ വീശുകയും ആയുധധാരികളെ ഓടിക്കാന്‍ ശ്രമിക്കുകയും മാത്രമാണ് ചെയ്തത്'- സമീപത്തെ പള്ളിയിലെ 54കാരനായ 'ഹാഫിസ്' ആയ ഷൊയ്ബ് അക്തറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ദുര്‍ഗേഷ് ദേവാങ്കന്‍ എന്ന പ്രാദേശിക ചരിത്രകാരന്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ചിലരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തതായി പ്രദേശത്ത് താമസിക്കുന്ന മഹന്ത് കശ്യപിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News