പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണം; ഹിന്ദുത്വര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

Update: 2022-04-06 04:37 GMT

ബെംഗളൂരു: പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബെംഗളൂരു കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഉച്ചഭാഷിണികള്‍ സാധാരണക്കാര്‍ക്കും പ്രായമായവര്‍ക്കും അസൗകര്യം ഉണ്ടാക്കുന്നതായി പരാതിയില്‍ പറഞ്ഞു. പള്ളികള്‍ ഹൈക്കോടതി ഉത്തരവ് ലംഘിക്കുകയാണെന്നും പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്നും ഹിന്ദുത്വര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹിജാബ്, ഹലാല്‍ എന്നിവക്കെതിരേ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് ബാങ്ക് വിളിക്കെതിരായ നീക്കം. ഉച്ചഭാഷണി നിരോധിച്ചില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്ന് ഹിന്ദുത്വര്‍ ഭീഷണി മുഴക്കിയിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കര്‍ണാടകയില്‍ സംഘപരിവാരും വര്‍ഗീയ പ്രചാരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ഭരണത്തകര്‍ച്ചയും തൊഴിലില്ലായ്മയും മറച്ചുവക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇത്തരം വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Tags: