ഹൈദരാബാദ്: തെലങ്കാനയിലെ ഭൈന്‍സ കലാപത്തിനു പിന്നില്‍ ഹിന്ദു വാഹിനിയാണെന്ന് തെലങ്കാന പോലിസിന്റെ വെളിപ്പെടുത്തല്‍. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനിയുടെ അംഗങ്ങളായ തോട്ട മഹേഷ്, ദത്തു പട്ടേല്‍ എന്നിവരാണ് അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും തെലങ്കാന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (നോര്‍ത്ത് സോണ്‍) വൈ നാഗി റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 7ന് ഭൈന്‍സ പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. നാല് വീടുകള്‍, 13 കടകള്‍, നാല് ഓട്ടോറിക്ഷകള്‍, ആറ് ഫോര്‍ വീലറുകള്‍, അഞ്ച് ഇരുചക്ര വാഹനങ്ങള്‍ എന്നിവ അഗ്നിക്കിരയാക്കി. അറസ്റ്റിലായ ഹിന്ദു വാഹിനി ജില്ലാ പ്രസിഡന്റ് സന്തോഷിന്റെ നേതൃത്വത്തിലാണ് അക്രമമെന്നും പോലിസ് പറഞ്ഞു.
സംഭവ ദിവസം രാത്രി 8.20ന് ബൈക്ക് ഓടിച്ചിരുന്ന ദത്തു പട്ടേലും തോട്ട മഹേഷും മനപൂര്‍വം സുല്‍ഫിക്കര്‍ പള്ളിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന റിസ് വാന്‍ എന്നയാളെ ഇടിച്ചു. പിന്നീട്, റിസ് വാനും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും അന്വേഷിച്ചുപോയപ്പോള്‍ ഹിന്ദു വാഹിനി അംഗങ്ങള്‍ അവരെ ആക്രമിച്ചു. ദത്തു പട്ടേല്‍ വീണ്ടും സുല്‍ഫിക്കര്‍ പള്ളിക്ക് സമീപമെത്തി ആക്രമിച്ചതോടെ ഇരു മതവിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലേക്ക് നീങ്ങിയതായും പോലിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിസ്സാര സംഭവത്തെ ഹിന്ദു വാഹിനി അംഗങ്ങള്‍ ഒരു സാമുദായിക കലാപമാക്കി മാറ്റി. കൗണ്‍സിലര്‍മാരായ എഐഐഎം നേതാവ് അബ്ദുല്‍ ഖബീര്‍, ഹിന്ദു വാഹിനി മുന്‍ അംഗം തോട്ട വിജയ് എന്നിവര്‍ ഇരുവിഭാഗത്തിലെയും അനുയായികളെ എത്തിക്കുകയും ആക്രമണം നടത്തുകയും ചെയ്‌തെന്നാണ് പോലിസ് പറയുന്നത്.
സംഭവത്തില്‍ ബിജെപി നിസാമബാദ് എംപി ധര്‍മ്മപുരി അരവിന്ദ് പോലിസിനെയും ടിആര്‍എസിനെയും എഐഐഎമ്മിനെയും കുറ്റപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പോലിസിന്റെ വിശദീകരണം. ടിആര്‍എസിന്റെയും എഐഐഎമ്മിന്റെയും സമ്മര്‍ദ്ദത്തിലാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു യോഗം ചേര്‍ന്ന് ബിജെപിക്ക് ശക്തി കാണിക്കേണ്ടിവരുമെന്നും ധര്‍മ്മപുരി അരവിന്ദ് എംപി ഭീഷണി മുഴക്കിയിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഹിന്ദു സമൂഹം ഭൈന്‍സയില്‍ ഒത്തുകൂടും. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതിനാല്‍ നിങ്ങള്‍ ഉടന്‍ നിങ്ങളുടെ മനോഭാവം മാറ്റണമെന്നുമായിരുന്നു ഭീഷണി.
സംഭവത്തില്‍ 150 ഓളം ഹിന്ദു വാഹിനി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഇത് ഉടനടി നിര്‍ത്തണം. അല്ലാത്തപക്ഷം, വരും ദിവസങ്ങളില്‍, ഹിന്ദു സമൂഹം ഒറ്റക്കെട്ടായി തിരിച്ചടിച്ചാല്‍ പോലിസിന് അതിന്റെ ആഘാതം നേരിടേണ്ടിവരും. അത്തരമൊരു അവസ്ഥയിലേക്ക് നയിക്കരുതെന്നുമായിരുന്നു എംപിയുടെ ഭീഷണി. മാര്‍ച്ച് 7ലെ അക്രമത്തിനുശേഷം ഭൈന്‍സയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, കര്‍ഫ്യൂ നാല് മണിക്കൂറായി പോലിസ് ഇളവ് ചെയ്തിട്ടുണ്ട്.
Hindu Vahini Triggered Bhainsa Communal Riots: Telangana IGP

