ഹിന്ദുത്വ ആക്രമണത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഹിന്ദു സേന പോസ്റ്റര്‍

ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പാര്‍ട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്തിന് പുറത്ത് തങ്ങളുടെ അംഗങ്ങള്‍ പോസ്റ്ററുകള്‍ പതിച്ചതായി ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

Update: 2022-04-24 09:40 GMT

ന്യൂഡല്‍ഹി: രാജ്യത്തെമ്പാടും മുസ് ലിംകള്‍ക്ക് എതിരേ നടക്കുന്ന വംശീയാതിക്രമത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെയും ഭാഗമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദു സേന. ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ആക്രമണത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു എന്നാരോപിച്ചാണ് പോസ്റ്റര്‍. പോസ്റ്റര്‍ പതിച്ചതിനെതിരേ ഹിന്ദു സേനക്കെതിരേ പോലിസ് കേസെടുത്തു.

ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പോസ്റ്ററുകള്‍ പതിച്ചതിന് ഹിന്ദു സേന പ്രവര്‍ത്തകര്‍ക്കെതിരേ ഞായറാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പാര്‍ട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്തിന് പുറത്ത് തങ്ങളുടെ അംഗങ്ങള്‍ പോസ്റ്ററുകള്‍ പതിച്ചതായി ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. 'രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?' എന്ന് അദ്ദേഹം ചോദിച്ചു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഏപ്രില്‍ 16ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണമാണ് ഹിന്ദുത്വര്‍ നടത്തിയത്. അതിന് പിന്നാലെ അനധികൃത കുടിയേറ്റമെന്നാരോപിച്ച് മേഖലയിലെ മുസ്‌ലിം പള്ളിയുടെ കവാടവും മുസ്‌ലിം വീടുകളും ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള അധികൃതരുടെ ഒഴിപ്പിക്കല്‍ നടപടി സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞത് രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മേഖലയില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ രംഗത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒന്നുകൂടി പ്രതിരോധത്തിലേക്ക് കൊണ്ടുവരാനാണ് ഹിന്ദു സേന നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.