ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്ത്യൻ പള്ളിയിലേക്ക് അതിക്രമിച്ച് കയറി ജയ് ശ്രീറാം മുഴക്കി ഹിന്ദുത്വ അക്രമം
അക്രമികൾ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പള്ളി വളപ്പിൽ കയറിയത്. ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു.
ഗുരുഗ്രാം: ഹരിയാനയിലെ പട്ടൗഡിയിലെ ക്രിസ്ത്യൻ ചർച്ചിനുനേരെ ക്രിസ്മസ് തലേന്ന് ഹിന്ദുത്വരുടെ അക്രമം. അതിക്രമിച്ച് കയറിയ സംഘം പ്രാർത്ഥന തടസപ്പെടുത്തുകയും ചർച്ചിലെ ഗായക സംഘത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഭക്തിഗാനം ആലപിക്കവേ വേദിയിൽ കയറി മൈക്ക് തട്ടിപ്പറിച്ച സംഘം ജയ്ശ്രീറാം വിളിച്ചുകൊടുക്കുകയും ഭാരതീയ സംസ്കാരത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി നൂറുകണക്കിന് സ്ത്രീകളും പുരുഷൻമാരും ചർച്ചിൽ സമ്മേളിച്ചപ്പോഴായിരുന്നു സംഭവം. അക്രമികൾ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പള്ളി വളപ്പിൽ കയറിയത്. ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ പള്ളിക്ക് സമീപത്തുള്ള സ്ത്രീകളും കുട്ടികളും ഭയത്തിലാണ്. ഓരോ ദിവസം ചെല്ലുന്തോറും അതിക്രമം കൂടിവരികയാണ്. ഇത് പ്രാർത്ഥിക്കാനും മതാനുഷ്ഠാനത്തിനുമുള്ള ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് പ്രദേശത്തെ പാസ്റ്റർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പോലിസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫീസർ അമിത് കുമാർ പറഞ്ഞു.
ഹരിയാനയിൽ ഹിന്ദുത്വർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിച്ച് അക്രമം നടത്തുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് ഗുരുഗ്രാമിൽ സർക്കാർ അനുവദിച്ച പൊതുസ്ഥലങ്ങളിലെ ജുമുഅ നമസ്‌കാരം സംഘ്പരിവാർ സംഘടനകൾ പരസ്യമായി തടഞ്ഞിരുന്നു. ഇതിന് സമീപമായാണ് ഇന്നലെ ചർച്ചിൽ അതിക്രമം നടന്നത്.
