ഒരു 20 വര്‍ഷം ഒന്ന് കാത്തിരിക്കൂ; അറബികള്‍ ഇന്ത്യയില്‍ വന്ന് പണിയെടുക്കും: ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതന്‍

Update: 2022-06-10 10:42 GMT

കോഴിക്കോട്: പെട്രോള്‍ ലോകത്തിന് ആവശ്യമില്ലാത്ത സമയം വരുമെന്നും അന്ന് അറബികള്‍ക്ക് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതന്‍. ഒന്നാം പിണറായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയിലെ ജോയിന്റ് കണ്‍വീനര്‍ ആയിരുന്നു സി പി സുഗതന്‍.


കാലം കണക്കു തീര്‍ക്കാതെ പോകില്ലെന്നും 20 വര്‍ഷം ഒന്ന് കാത്തിരുന്നാല്‍ മതിയെന്നും സുഗതന്‍ പറഞ്ഞു.

'ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജന്‍ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോള്‍ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അറബികള്‍ വീണ്ടും കാട്ടറബികളാകുകയും വികസനം നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ ആഹാരത്തിന് പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുകയും ചെയ്യും.

ഇന്ന് ബംഗാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നപോലെ അറബികള്‍ കേരളത്തില്‍ പൊറോട്ടയടി, റോഡ് പണി, ടാപ്പിങ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്‌ലാമിക് തീവ്രവാദവും അതോടെ ലോകത്തില്‍ അവസാനിക്കും. ഒരു 20 വര്‍ഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീര്‍ക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്,' സി.പി. സുഗതന്‍ ഫേസ്ബുക്കില്‍ എഴുതി.

ബിജെപി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സി.പി. സുഗതന്റെ പോസ്റ്റ്.

ശബരിമല വിവാദം ശക്തമായിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ഭാരവാഹിയായിരുന്നു സി പി സുഗതന്‍. പിന്നീട് സമിതി പ്രവര്‍ത്തനം നിലച്ചെങ്കിലും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ അനുകൂലികളെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അന്ന് വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്നാണ് അന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ ആയിരുന്ന സി പി സുഗതന്‍ പറഞ്ഞത്.

Tags: