ആട്ടിറച്ചിയെന്ന് പറഞ്ഞ് നല്‍കിയ ബീഫ് ഭക്ഷിച്ചു; ശുദ്ധിക്രിയകള്‍ക്ക് ഇന്ത്യയിലെത്താന്‍ യാത്രാ ചെലവ് ആവശ്യപ്പെട്ട് ഹിന്ദു യുവാവ്

ബീഫ് കഴിച്ചതിലൂടെ തന്റെ മതപരമായ പ്രതിജ്ഞ ലംഘിക്കപ്പെട്ടതായും ഇന്ത്യയിലെത്തി പുരോഹിതന്‍മാരുടെ കാര്‍മികത്വത്തില്‍ നാലു മുതല്‍ ആറ് ആഴ്ചവരെ പൂജകളടക്കമുള്ള പരിഹാരക്രിയകള്‍ക്രിയകള്‍ നടത്തേണ്ടതുണ്ടെന്നും പോള്‍ പറഞ്ഞു.

Update: 2019-03-12 16:42 GMT
ആട്ടിറച്ചിയെന്ന് പറഞ്ഞ് നല്‍കിയ ബീഫ് ഭക്ഷിച്ചു;  ശുദ്ധിക്രിയകള്‍ക്ക് ഇന്ത്യയിലെത്താന്‍  യാത്രാ ചെലവ് ആവശ്യപ്പെട്ട് ഹിന്ദു യുവാവ്

വെല്ലിങ്ടണ്‍: ആട്ടിറച്ചിയെന്ന് തെറ്റായി മുദ്രണം ചെയ്ത ബീഫ് കഴിച്ചതിലൂടെ തന്റെ മതവിശ്വാസം നശിപ്പിക്കപ്പെട്ടതായും ശുദ്ധിക്രിയകള്‍ക്കായി ഇന്ത്യയിലേക്ക് പോവാന്‍ ബീഫ് വിറ്റ സൂപ്പര്‍മാര്‍ക്കറ്റ് യാത്രാ ചെലവ് വഹിക്കണമെന്നും ആവശ്യപ്പെട്ട് ജസ്‌വീന്ദര്‍ പോള്‍ എന്ന ഹിന്ദുയുവാവ്. ന്യൂസിലന്റിലാണ് സംഭവം.

കഴിഞ്ഞ സപ്തംബറില്‍ സൗത്ത് ഐലന്റിലെ ബ്ലെന്‍ഹീമിലെ കൗണ്ട്ഡൗണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് മാംസം വാങ്ങിയതെന്ന് പോള്‍ പറയുന്നു.

മാംസം പാചകം ചെയ്തു ഭക്ഷിക്കാന്‍ ആരംഭിച്ചപ്പോഴാണ് ബീഫാണെന്ന് തിരിച്ചറിഞ്ഞത്. ഹിന്ദു വിശ്വാസ പ്രകാരം പശുവിനെ പാവനമായാണ് പരിഗണിക്കുന്നത്. ബീഫ് കഴിച്ചതിലൂടെ തന്റെ മതപരമായ പ്രതിജ്ഞ ലംഘിക്കപ്പെട്ടതായും ഇന്ത്യയിലെത്തി പുരോഹിതന്‍മാരുടെ കാര്‍മികത്വത്തില്‍ നാലു മുതല്‍ ആറ് ആഴ്ചവരെ പൂജകളടക്കമുള്ള പരിഹാരക്രിയകള്‍ക്രിയകള്‍ നടത്തേണ്ടതുണ്ടെന്നും പോള്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ദീര്‍ഘമായ പ്രക്രിയയിലൂടെ മാത്രമേ മതത്തിലേക്ക് തിരിച്ചെത്താനാവുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെത്തണമെങ്കില്‍ തന്റെ ചെറിയ വ്യാപാര സ്ഥാപനം പൂട്ടിയിടേണ്ടി വരും. അത് തന്റെ വരുമാനത്തെ സാരമായി ബാധിക്കും. ബീഫ് കഴിച്ചതിനു പിന്നാലെ തന്റെ കുടുംബം തന്നോട് സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും പോള്‍ പറഞ്ഞു.

കൗണ്ട് ഡൗണിനെ സമീപിച്ചപ്പോള്‍ തെറ്റ് സംഭവിച്ചതില്‍ അവര്‍ ക്ഷമാപണം നടത്തുകയും 200 ഡോളര്‍ ഗിഫ്റ്റ് വൗച്ചര്‍ വാഗ്ദാനം ചെയ്യുകയുംചെയ്തിരുന്നു.എന്നാല്‍, ഈ വാഗ്ദാനം നിരസിക്കുകയും ശുദ്ധിപ്രക്രിയകള്‍ക്കായി ഇന്ത്യയിലെത്താന്‍ യാത്രാ ചെലവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂലമായല്ല സ്ഥാപനം പ്രതികരിച്ചതെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.

Tags:    

Similar News