'മുസ് ലിംകളുടെ സ്വത്ത് വാങ്ങി മുസ് ലിം മുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കണം, കള്ളക്കേസില്‍ കുടുക്കണം'; ഹിന്ദുത്വ സമ്മേളനത്തിലെ പുതിയ വീഡിയോ

Update: 2021-12-24 07:06 GMT

ന്യൂഡല്‍ഹി: മുസ് ലിംകളുടെ സ്വത്ത് വാങ്ങിക്കൂട്ടി മുസ് ലിം മുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സന്യാസി സിന്ധു സാഗര്‍. ഹരിദ്വാറില്‍ മുസ് ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സമ്മേളന വേദിയില്‍ തന്നേയാണ് ഹിന്ദുത്വ സന്യാസിയുടെ ആഹ്വാനം.

ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ തന്റെ കൈയ്യില്‍ ഒരു തന്ത്രമുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ഹിന്ദുത്വ സന്യാസിയുടെ പ്രഖ്യാപനം. 'മുസ് ലിംകള്‍ കുറവുള്ള പ്രദേശങ്ങളില്‍ മുസ് ലിംകളുടെ സ്വത്ത് വാങ്ങി മുസ് ലിം മുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കണം. ഞാന്‍ 10 മുസ് ലിംകളെ വ്യാജ എസ് സി/എസ്ടി കേസുകളില്‍ കുടുക്കി. എന്നിട്ടവരെ ജയിലില്‍ അടച്ചു. അവരെ പീഡിപ്പിക്കുന്നത് തുടരുക. പീഡനം തുടര്‍ന്നാല്‍ അവര്‍(മുസ് ലിംകള്‍) വീടുകള്‍ വില്‍ക്കും' സിന്ധു സാഗര്‍ പറഞ്ഞു.

ഹരിദ്വാറില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യാഹ്വാനം നടത്തുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഹരിദ്വാറില്‍ നിന്നുള്ള വംശഹത്യാഹ്വാനം ആര്‍എസ്എസ്സിന്റെ നൂറാംവാര്‍ഷികത്തില്‍ മനു രാഷ്ട്രത്തിലേക്കുള്ള നിലമൊരുക്കലാണെന്ന ആരോപണം ശക്തമാണ്.

ഡിസംബര്‍ 17 മുതല്‍ 19 വരേയാണ് പ്രമുഖ ഹിന്ദുത്വ സംഘടനകള്‍ ഹരിദ്വാറില്‍ 'ധര്‍മ്മ സന്‍സദ്' (മത പാര്‍ലമെന്റ്) എന്ന പേരില്‍ വിപുലമായ സമ്മേളനം വിളിച്ചു ചേര്‍ത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിലെ പ്രസംഗങ്ങളും പ്രമേയങ്ങളും അങ്ങേയറ്റം വര്‍ഗീയവും വിഷലിപ്തവുമായിരുന്നു. ആയുധം കയ്യിലേന്താനും മുസ്‌ലിം ഉന്മൂലനത്തിനു വളരെ പച്ചയായി അവിടെ ആഹ്വാനം ചെയ്തു.

'ആയുധങ്ങളില്ലാതെ ഒന്നും സാധ്യമല്ല. അവരുടെ (മുസ്‌ലിംകളുടെ) ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാവുക. അവരില്‍ 20 ലക്ഷം പേരെ കൊല്ലാന്‍ നമ്മളില്‍ 100 പേര്‍ തയ്യാറായാല്‍ നമ്മള്‍ വിജയിക്കും'

'ഇവിടുത്തെ പോലിസും, ഇവിടുത്തെ രാഷ്ട്രീയക്കാരും, പട്ടാളവും നമ്മുടേതാണു. ഓരോ ഹിന്ദുവും ആയുധമെടുക്കണം. മ്യാന്‍മറിലെ പോലെ ഒരു ശുചിത്വ യജ്ഞം (സഫായി അഭിയാന്‍) നടത്തണം. ഇതല്ലാതെ ഒരു പരിഹാരവുമില്ല'. പ്രോബോധാനന്ദ് ഗിരി, ഹിന്ദു രക്ഷാ സേന പ്രസിഡന്റ്. 'ഇത് ഹരിദ്വാരാണ്. ഇവിടെ മുസ്‌ലിം കച്ചവടക്കാര്‍ പാടില്ല. അവരെ എടുത്ത് പുറത്തെറിയണം' ആനന്ദ് സ്വരൂപ്, ശങ്കരാചാര്യ പരിഷത് പ്രസിഡന്റ്. ഈ തരത്തില്‍ കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

സമ്മേളനത്തില്‍ ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായയും മഹിളാ മോര്‍ച്ച നേതാവ് ഉദിത്ത ത്യാഗിയും പങ്കെടുത്തിരുന്നു. മ്യാന്‍മര്‍ മോഡല്‍ മുസ്‌ലിം ഉന്മൂലനത്തിനു ആഹ്വാനം ചെയ്ത പ്രോബോധാനന്ദ്, യോഗി ആദിത്യനാഥിന്റെയും ഉത്തര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാന്‍സിംഗിന്റെയും മുന്‍ മുഖ്യന്‍ തിരത് സിങ് റാവത്തിന്റെയും അടുത്ത ആളാണ്. മുസ്‌ലിം ഉന്മൂലന ആഹ്വാനങ്ങള്‍ ഇതിനുമുന്‍പും പലകുറി ഇയാള്‍ നടത്തിയിട്ടുണ്ട്. ആയുധമെടുത്തിറങ്ങി മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത പൂജാ പാണ്ഡെ എന്ന ഇതേ കാവി സന്യാസിനിയാണ് മുന്‍പ് ഗോഡ്‌സെ അനുസ്മരണം സംഘടിപ്പിച്ച് ഗാന്ധി രൂപത്തിനുനേരെ വെടിവെച്ച് ആഘോഷിച്ചത്.

Tags:    

Similar News