ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി; കര്‍ണാടകയില്‍ വീടുകള്‍ കയറി വിദ്വേഷ പ്രചാരണം തുടങ്ങി ഹിന്ദുത്വ സംഘടനകള്‍

Update: 2022-04-23 18:24 GMT

ബംഗളൂരു: കര്‍ണാടകയിലെ മസ്ജിദുകളില്‍ ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരേ വീടുവീടാന്തരം കയറി വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ സംഘടനകള്‍. ശനിയാഴ്ച മുതലാണ് ഹിന്ദുത്വ സംഘടനകള്‍ ബാങ്ക് വിളി നിര്‍ത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് പ്രചാരണം തുടങ്ങിയത്. കര്‍ണാടകയില്‍ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കാനും ക്രമീകരിക്കാനും നിര്‍ദേശിച്ച് മസ്ജിദുകള്‍ക്ക് പോലിസ് നോട്ടീസ് നല്‍കിയിരുന്നു. അനുവദനീയമായ ഡെസിബെല്‍ ലെവലില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്നാണ് പോലിസ് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നന്നത്. ബംഗളൂരുവില്‍ ഇരുനൂറിലേറെ പള്ളികള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ കാംപയിന്‍ ആരംഭിച്ചതിനു പിന്നാലെയാണ് പോലിസിന്റെ നടപടി. മസ്ജിദുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ ഒഴിപ്പിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ മെയ് 9 വരെ സമയപരിധി നല്‍കിയിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വീടുകള്‍ കയറിയിറങ്ങിയുള്ള വിദ്വേഷ കാംപയിന് തുടക്കംകുറിച്ചിരിക്കുന്നത്. ബംഗളൂരുവിലെ രാജാജിനഗര്‍ പ്രദേശത്തെ ശിവനഹള്ളി സര്‍ക്കിളില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുന്നത്. ശ്രീരാമസേനയുടെ ആഹ്വാനപ്രകാരം കാളീമഠം ഋഷികുമാര സ്വാമിജി കാംപയിന്‍ ഉദ്ഘാടനം ചെയ്യും.

കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 'ബാങ്ക് വിളിക്ക്' പള്ളികള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നും അതിനെതിരേ എങ്ങനെ ശബ്ദമുയര്‍ത്തണം എന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എല്ലാ വീടുകളിലുമെത്താനാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. മസ്ജിദുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ ഒഴിപ്പിക്കാന്‍ ഹിന്ദു സംഘടനകള്‍ മെയ് 9 വരെ സമയപരിധി നല്‍കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണിയിലൂടെ 'ഹനുമാന്‍ ചാലിസ', 'ശ്രീരാമ ജയ രാമമന്ത്രം', 'ഓംകാര്‍' എന്നീ പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഹിന്ദുത്വ സംഘടനകളുടെ തീരുമാനം.

ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് പ്രമുഖ മതമേലധ്യക്ഷന്‍മാരെയും ഹിന്ദു സന്യാസിമാരെയും കാണുകയും അവരുടെ പിന്തുണ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും മൈക്ക് ശരിയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. മസ്ജിദുകളില്‍ നിന്ന് മൈക്കുകള്‍ നീക്കം ചെയ്യുന്നതിനായി സംഘടന മുഖേന സംസ്ഥാനത്തെ എല്ലാ ജില്ലാ കമ്മീഷണര്‍ ഓഫിസുകളിലും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.

വിഷയത്തില്‍ അധികൃതര്‍ നോട്ടീസ് നല്‍കി ഉറങ്ങുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് മെയ് 9 ന് ഉച്ചഭാഷിണി പ്രചാരണം നടത്തുന്നതിനാല്‍ പ്രതിസന്ധി ഉണ്ടായിട്ട് കാര്യമില്ലെന്ന് ശ്രീരാമസേന വ്യക്തമാക്കി. മുസ്‌രൈ വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ നിവേദനം നല്‍കിയിട്ടുണ്ട്.