'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറിക്കെതിരേ ഭീഷണി; ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍

കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Update: 2021-02-05 11:54 GMT

കൊച്ചി: 'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആര്‍ വി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലിസ് കേസെടുത്തത്. സംഭവത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ സംഘപരിവാര്‍ നേതാവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്.

ഡിസംബര്‍ 28 ാം തിയതിയാണ് സംഭവം. കുറുമശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കടയുടെ മുന്‍പില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ ഒട്ടിച്ച് വെച്ചിരുന്നു. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാന്‍ കട ഉടമ സ്റ്റിക്കര്‍ നീക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആര്‍ വി ബാബുവിന്റെ വിവാദ യൂടൂബ് വീഡിയോ പോസ്റ്റ്.

സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പോലിസ് വിഷയത്തില്‍ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവരെയാണ് മതസ്പര്‍ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് പൊലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News