ഹിമാചലില്‍ മേഘവിസ്‌ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു പോയി,കനത്ത നാശനഷ്ടം

ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്

Update: 2022-07-06 06:32 GMT

ചണ്ഡീഗഢ്:ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം.ഷിംലയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒരാള്‍ മരണപ്പെട്ടതായും, നാലു പേര്‍ ഒലിച്ചുപോയതായും റിപോര്‍ട്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് മേഘസ്‌ഫോടനം ഉണ്ടായത്.പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്.ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്.നിരവധി പേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്.

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കുളു ജില്ലയിലെ മലാനയും മണികരനും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു.ജില്ലയില്‍ ആറ് പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.മലാനയില്‍ പ്രളയത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന 30ഓളം ജീവനക്കാരെ ഒഴിപ്പിച്ചു.മണികരണ്‍ താഴ്‌വരയിലെ എല്ലാ ജലസ്രോതസ്സുകളിലും ഉയര്‍ന്ന തോതില്‍ ജലം ഒഴുക്കിവിടുകയാണ്.മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയില്‍ എത്താനായിട്ടില്ല.

ഷിംലയിലെ ധല്ലി തുരങ്കത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികളായ ഇവര്‍ സംഭവം നടക്കുമ്പോള്‍ റോഡരികിലെ ടെന്റില്‍ ഉറങ്ങുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags: