പ്രധാനമന്ത്രിയുടെ പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; ഹിമാചലില്‍ വിചിത്ര ഉത്തരവ്

Update: 2022-10-04 08:31 GMT

ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ പാസ് ലഭിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹിമാചല്‍ പ്രദേശ് ജില്ലാ ഭരണകൂടം. ബിലാസ്പൂര്‍ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലിലെത്തുന്നത്. ഇതില്‍ മണ്ഡിയില്‍ നടക്കുന്ന പരിപാടിയില്‍ മാത്രമാണ് മാധ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശമുള്ളത്. നാളെയാണ് മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം. സപ്തംബര്‍ 14ന് നടത്താനിരുന്ന പരിപാടിയാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്.

ഓള്‍ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളിലേതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര, ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ജില്ലാ പോലിസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് നിബന്ധന പുറത്തിറക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവ് പിന്‍വലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നതോടെയാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിപാടി റിപോര്‍ട്ട് ചെയ്യാമെന്ന് ഹിമാചല്‍ ഡിജിപി അറിയിച്ചു.

പരിപാടിയില്‍ പങ്കെടുക്കാനുള്ള ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ റിപോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരുടെ ലിസ്റ്റ് അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. പാസ് നല്‍കാന്‍ ജില്ലാ പബ്ലിക് റിലേഷന്‍ ഓഫിസറെയാണ് ചുമതലപ്പെടുത്തിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട്, സിഐഡി ഓഫിസുകളിലാണ് നല്‍കേണ്ടതെന്നും റാലികളിലോ യോഗങ്ങളിലോ ഉള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം ഈ ഓഫിസുകള്‍ തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 'ഈ നിബന്ധന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ്.

എസ്പി, സിഐഡി ഉദ്യോഗസ്ഥര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്- ജില്ലാ പബ്ലിക് റിലേഷന്‍ ഓഫിസര്‍ കുല്‍ദീപ് ഗുലേറിയ പറഞ്ഞു. സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പറഞ്ഞ് സുരക്ഷാ പാസുകള്‍ നല്‍കുന്നതിന് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഐഡി കാര്‍ഡില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കണം. ഈ ഔപചാരികത എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്നും പബ്ലിക് റിലേഷന്‍ ഓഫിസര്‍ പറയുന്നു. തീരുമാനത്തിനിതിരേ കോണ്‍ഗ്രസ്, ആം ആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

സംഭവം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തന്റെ 22 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ആവശ്യം താന്‍ കേള്‍ക്കുന്നതെന്ന് എഎപി വക്താവ് പങ്കജ് പണ്ഡിറ്റ് പറഞ്ഞു. അതേസമയം, ഉത്തരവ് വിവാദമായതോടെ അധികൃതര്‍ ഇത് പിന്‍വലിച്ചു.

സപ്തംബര്‍ 24ന് മോദിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. 'പ്രധാനമന്ത്രിയുടെ നാളത്തെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപോര്‍ട്ട് ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു. ഹിമാചല്‍ പ്രദേശ് പോലിസ് അവരുടെ കവറേജ് സുഗമമാക്കും. അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നു'- ഹിമാചല്‍ പ്രദേശിലെ ഉന്നത പോലിസ് ഉദ്യോാഗസ്ഥന്‍ സഞ്ജയ് കുണ്ടു പ്രതികരിച്ചു.

Tags: