ഹിജ്റ 1442: സയണിസ്റ്റ് ഭീകരതയ്ക്ക് അറബ് രാഷ്ട്രങ്ങള്‍ പരവതാനി വിരിക്കുന്ന പുതുവര്‍ഷം..!

Update: 2020-08-20 07:09 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ഇസ് ലാമിക ലോകത്തിന് ഇന്ന് പുതുവര്‍ഷാരംഭം. സംഘര്‍ഷങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിലേക്കുള്ള പലായനമാണ് ഹിജ്‌റയുടെ സന്ദേശം. ഇസ് ലാമിക സാമൂഹിക വര്‍ത്തമാനത്തിലേക്ക് സമാഗതമാവുന്ന ഓരോ മുഹര്‍റവും പ്രതീക്ഷകളുടേതും പ്രത്യാശകളുടേതും പുതു പ്രതിജ്ഞകളുടേതുമാണ്. എന്നാല്‍, അറബ് ഹൃദയ ഭൂമികളിലേക്ക് ജൂത സയണിസ്റ്റ് ഭീകര, ജാര രാഷ്ട്രത്തിന് പരവതാനി വിരിക്കുന്ന ഭീഷണ സാഹചര്യത്തിലാണ് ഇത്തവണ ഹിജ്‌റ പുതുവര്‍ഷപ്പിറവി. ഇസ് ലാമിക വിരുദ്ധ, മനുഷ്യത്വ വിരുദ്ധ പൈശാചിക ഭീകരതയുടെ രക്ത രൂക്ഷിത സ്വരൂപമായ ഇസ്രായേലുമായി യുനൈറ്റഡ് അറബ് എമിറേറ്റ്സും(യുഎഇ) ഉഭയ കക്ഷി കരാര്‍ ഒപ്പുവച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യവും തമ്മില്‍ കരാറിലെത്തിയിരിക്കുന്നത്. ഫലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും എംബസികള്‍ തുറക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ ഊര്‍ജം, നിക്ഷേപം, ടൂറിസം, ടെലികോം മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കും. നേരിട്ടുള്ള വിമാന സര്‍വീസും ആരംഭിക്കും.

    ചരിത്രപരമായ കരാര്‍ എന്നാണ് ഇതിനെ അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രിയും വിശേഷിപ്പിച്ചത്. നവംബറില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ജനങ്ങളുടെ മുമ്പില്‍ വന്‍ നേട്ടമായി ഈ കരാറിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും. അഭിപ്രായ വോട്ടെടുപ്പുകളില്‍ എതിരാളി ജോണ്‍ ബൈഡനേക്കാള്‍ വളരെ പിറകിലാണിപ്പോള്‍ ട്രംപ്. മൂന്ന് അഴിമതിക്കേസ് നേരിടുന്ന നെതന്യാഹുവിന് ജന ശ്രദ്ധ തിരിച്ചുവിട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ആശ്രയമാണ് ഈ നീക്കം. എന്നാല്‍, മുസ് ലിംകള്‍ക്കെതിരായ ജൂത വംശീയവെറിയുടെ പ്രതീകമായ നെതന്യാഹുവിന് അബൂദബിയുമായുള്ള പുതിയ കരാറിലെ വ്യവസ്ഥകള്‍ എത്രത്തോളം പാലിക്കാനാവുമെന്നത് കാത്തിരുന്ന് കാണണം. ആഗസ്ത് 13 നാണ് കരാര്‍ നിലവില്‍ വന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇതുവരെ എല്ലാ യാത്രകളും ജോര്‍ദ്ദാന്‍ പോലുള്ള മൂന്നാമത്തെ രാജ്യത്തിലൂടെ കടന്നാണ് അനുവദിച്ചിരുന്നത്.

    ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി രഹസ്യബന്ധം നില നിന്നിരുന്നു. ഇറാന്റെ ആണവ പദ്ധതിയോടുള്ള യുഎഇയുടെ നിലപാടിലും മറ്റും ഇത് മറനീങ്ങി. 2012 സെപ്തംബറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിബെഞ്ചമിന്‍ നെതന്യാഹുയുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായിന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ രഹസ്യ ഉടമ്പടികളാരംഭിച്ചു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരേ ഇരു രാഷ്ട്രത്തലവന്‍മായും ഒരുമിച്ച് രംഗത്തുവന്നു. എന്നാല്‍ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന പ്രക്രിയയില്‍ പുരോഗതിയില്ലാത്തതിനാല്‍ ഈ ബന്ധം യുഎഇ ഔദ്യോഗികമായി മൂടിവച്ചു. 2017 ജൂണില്‍ ഇറാനെതിരേ യുഎഇയും സൗദി അറേബ്യയും ഇസ്രായേലുമായി സഹകരിക്കുന്നതായി ഒരു ഇ-മെയില്‍ സന്ദേശം ചോര്‍ന്നിരുന്നു. 2017 ജൂലൈയില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവും യുഎഇ പിന്തുണയ്ക്കുന്ന ലിബിയന്‍ ദേശീയ സൈന്യത്തിന്റെ തലവനും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയും ലോകമറിഞ്ഞു.

    2018 മാര്‍ച്ചില്‍ വാഷിങ്ടണ്‍ ഡിസിയിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി അമേരിക്കയിലെ ബഹ്റയ്ന്‍ അംബാസഡറുമായി കണ്ടുമുട്ടുകയും അവിടെവച്ച് ഇറാന്റെ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തതും വാര്‍ത്തയായി. 2010 ജനുവരി 16ന്അബൂദബിയില്‍ നടന്ന ഊര്‍ജ്ജ സമ്മേളനത്തില്‍ ഇസ്രായേല്‍ മന്ത്രി ഉസി ലാന്‍ഡോ പങ്കെടുത്തിരുന്നു. അബൂദബി സന്ദര്‍ശിച്ച ആദ്യത്തെ ഇസ്രായേല്‍ മന്ത്രിയായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് 2016 ജനുവരിയില്‍ ഇസ്രായേല്‍ ഊര്‍ജ്ജ വകുപ്പ് മന്ത്രിയും യുഎഇ സന്ദര്‍ശിച്ചു. 2018 സെപ്തംബറില്‍ അബൂദബിയില്‍ വച്ച് യുഎഇ-ഇസ്രയേല്‍, തുര്‍ക്കി ഉദ്യോഗസ്ഥര്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തി.

    ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്രായേലുമായി സമാധാനക്കരാറിലെത്തുന്ന ആദ്യ രാഷ്ട്രമാണ് യുഎഇ. അറബ് ലോകത്ത് മൂന്നാമത്തെ രാഷ്ട്രവും. നേരത്തേ ക്യാംപ് ഡേവിഡ് കരാറില്‍ ഒപ്പിട്ടുകൊണ്ട് ഈജിപ്ത് ഇസ്രായേലുമായി സമാധാനം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന്, 1994ല്‍ ജോര്‍ദ്ദാനും ഇസ്രായേലുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കപ്പെട്ട അറബ് രാഷ്ട്രങ്ങളില്‍ ഇസ്ലാമിക, ജനകീയ, മനുഷ്യാവകാശ മുന്നേറ്റങ്ങള്‍ വര്‍ധിത വീര്യത്തോടെ അടിച്ചമര്‍ത്തപ്പെടുന്നതാണ് പിന്നീട് ലോകം കണ്ടത്. സൗദി അറേബ്യ, ബഹ്റയ്ന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് യുഎഇക്കു പിന്നാലെ ജൂത ഭീകരതയുമായി പരസ്യ ബന്ധത്തിനായി കാത്തുനില്‍ക്കുന്നത്. സൗദിയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചാലും അല്‍ഭുതപ്പെടാനില്ല.

    സൗദി കിരീടാവകാശിയുടെ ഇസ്രായേലി ബന്ധം നേരത്തേ ആഗോള മാധ്യമങ്ങളില്‍ പുറത്തുവന്നതാണ്. ഇസ്രായേല്‍ ഭീകരതയ്ക്കു മുന്നില്‍ ജീവിതം പോരാട്ടമാക്കിയ ഫലസ്തീന്‍ ജനതയെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമാണ് യുഎഇയുടേതെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പ്രതികരിച്ചത്. ഇറാന്‍, തുര്‍ക്കി, ഹമാസ് എന്നിവരുടെ പ്രതികരണവും സമാനമാണ്. കാലാന്തരേ അറബ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി പല കാരണങ്ങള്‍ പറഞ്ഞ് ഫലസ്തീന്‍ ജനതയെയും അവരുടെ പോരാട്ടത്തെയും ഒറ്റുകൊടുത്ത് സയണിസ്റ്റ് ഭീകരതയോട് ചങ്ങാത്തപ്പെടുന്നു എന്നതാണു ദുഃഖ സത്യം. പുതിയ യുഎഇ- ഇസ്രായേല്‍ പരസ്യ ബാന്ധവവും അതിന്റെ ഭാഗം തന്നെ. ഭരണകൂട താല്‍പര്യങ്ങളുടെ പേരില്‍ ഇസ്രായേലിന്റെ വിധ്വംസക അജണ്ടകള്‍ക്ക് വഴിപ്പെടുക വഴി ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കും ഒളിഞ്ഞിരിക്കുന്ന വിനാശങ്ങളിലേക്കും സ്വയം തല വക്കുകയാണ് യുഎഇയടക്കമുള്ള രാജ്യങ്ങള്‍ ചെയ്യുന്നതെന്നാണ് അറബ് രാഷ്ട്രീയത്തെ സസൂക്ഷ്മം വിശകലനം ചെയ്യുന്ന നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചുരുക്കത്തില്‍ ഏറെ പ്രതീക്ഷകളോടെ, അതിലേറെ ആശങ്കകളോടെയാണ് ആഗോള മുസ്ലിം സമൂഹം പുതു വര്‍ഷത്തിലേക്കു കടക്കുന്നത്.

Hijra 1442: New Year as Arab nations welcomed carpet for Zionist terrorism ..!



Tags: