കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരേ ഡല്‍ഹിയിലും പ്രതിഷേധമിരമ്പി; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

Update: 2022-02-10 13:26 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിവിധ കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരേ രാജ്യതലസ്ഥാനത്തും പ്രതിഷേധം അലയടിച്ചു. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ കര്‍ണാടക ഭവനിലേക്കും ഡല്‍ഹി സര്‍വകലാശാലയിലേക്കുമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഹിജാബ് തിന്‍മയുടെ പ്രതീകമല്ല, അന്തസ്സിന്റെയും എളിമയുടെയും പ്രതീകമാണ് തുടങ്ങിയ മുദ്രാവാക്യങ്ങടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഡല്‍ഹി പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും റോഡിലൂടെ വലിച്ചിഴച്ചാണ് പോലിസ് വാനിലേക്ക് കയറ്റിയത്.


 വിദ്യാര്‍ഥികളെ പോലിസ് ബലപ്രയോഗത്തിലൂടെ വാനിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകളായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഫ്രട്ടേണിറ്റി, എസ്‌ഐഒ, ഡിഎസ്‌യു, ബിഎസ്‌സിഇഎം, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമിരമ്പിയത്.

പോലിസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. 2021 ഡിസംബറില്‍ കര്‍ണാടകയിലെ ഉഡിപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള സര്‍ക്കാര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെയാണ് രാജ്യത്ത് ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ജനുവരിയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഉഡിപ്പി കോളജിലെ എട്ടോളം വിദ്യാര്‍ഥികളെ ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കര്‍ണാടകയിലെ പല കോളജുകളിലും ഹിജാബ് നിരോധനം ആവശ്യപ്പെട്ട് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെയും മറ്റും പ്രക്ഷോഭമുണ്ടായി.

ഹിജാബ് നിരോധനത്തിന്റെ മറവില്‍ പലയിടത്തും സംഘപരിവാര്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. കാവി ഷാള്‍ അണിഞ്ഞായിരുന്നു ഹിജാബ് വിരുദ്ധരുടെ അഴിഞ്ഞാട്ടം. ഹിജാബിനെതിരേ നിര്‍ബന്ധിച്ച് വിദ്യാര്‍ഥികളെ കാവി ഷാള്‍ അണിയിക്കാനും ശ്രമമുണ്ടായി. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

Tags:    

Similar News