ശ്വേതാ മേനോനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; കീഴ്ക്കോടതിക്ക് വിമര്‍ശനം
കൊച്ചി: നടി ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിടുക്കത്തില്‍ നിര്‍ദേശം നല്‍കിയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുന്നതിന് മുന്‍പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ കീഴ്ക്കോടതി പാലിച്ചില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. പോലിസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
സെന്‍സര്‍ ബോര്‍ഡ് അനുമതിയോടെ പ്രദര്‍ശിപ്പിച്ച സിനിമകളിലെ രംഗങ്ങളുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസെടുക്കുന്നതിലെ അസ്വാഭാവികത ശ്വേതാ മേനോന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍ സ്റ്റേ ചെയ്യുകയും കേസിലെ തുടര്‍നടപടികള്‍ തടയുകയും ചെയ്തത്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.