ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ്: തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തിയ ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഐഷാ സുല്‍ത്താനയ്‌ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തത്
കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തിയ ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് ഐഷാ സുല്‍ത്താനയ്‌ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തത്.ലക്ഷദ്വീപിലെ ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഐഷാ സുല്‍ത്താനയ്‌ക്കെതിരെ 2021 ജൂണില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും ഐഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഇതിന് വിശദീകരണമായി പറഞ്ഞിരുന്നു.
എന്നാല്‍ കവരത്തി പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷയോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ഐഷയ്ക്ക് മുന്‍ കൂര്‍ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഹാജരായ ഐഷ സുല്‍ത്താനയെ പോലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
