തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ്: അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ മുപ്പത്തി ഒന്നുകാരന് തമിഴ്‌നാട് പുളിയന്‍കുടിയില്‍ നിന്ന് വന്ന ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാള്‍ യാത്ര വിവരം മറച്ചുവച്ച് പ്രാദേശികമായി ഇടപഴകുകയും ചെയ്തു.

Update: 2020-04-22 02:45 GMT

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. പോലിസിന്റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകള്‍ എത്തുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്.

ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ 28 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 40 പേര്‍ മൂന്നാറിലും വട്ടവടയിലുമായി നിരീക്ഷണത്തിലാണ്. പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊല്ലത്ത് കുളത്തൂപ്പുഴ , ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ മുപ്പത്തി ഒന്നുകാരന് തമിഴ്‌നാട് പുളിയന്‍കുടിയില്‍ നിന്ന് വന്ന ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാള്‍ യാത്ര വിവരം മറച്ചുവച്ച് പ്രാദേശികമായി ഇടപഴകുകയും ചെയ്തു. ഇതോടെ ആണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാല്‍നടയായും പച്ചക്കറി ലോറിയിലുമായാണ് ഇയാള്‍ അതിര്‍ത്തി കടന്നത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്.

വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമായി തുടരുകയാണ്. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്.  

Tags:    

Similar News