പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി പൈലറ്റും

നേരത്തെ വ്യോമസേനയില്‍ ദീര്‍ഘകാലം പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് മരിച്ച ഗിരീഷ് പിള്ള

Update: 2024-10-02 07:20 GMT

പൂനെ: പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധന്‍ മേഖലയിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. അപകടം നടക്കുമ്പോള്‍ പൈലറ്റുമാരും എഞ്ചിനീയറുമുള്‍പ്പടെ ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഈ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്.

ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിന്‍ മുകളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടല്‍മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നേരത്തെ വ്യോമസേനയില്‍ ദീര്‍ഘകാലം പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് മരിച്ച ഗിരീഷ് പിള്ള. അതിന് ശേഷമാണ് ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയുടെ ഹെലികോപ്റ്റര്‍ അദ്ദേഹം പറത്തുന്നത്. ചൊവ്വാഴ്ച എന്‍സിപി നേതാവ് സുനില്‍ തറ്റ്ക്കറെ സഞ്ചരിച്ച ഹെലികോപ്ടറാണിത്. ഇന്നലെ രാത്രി നൈറ്റ് ഹോള്‍ട്ടിനായി ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തുകയായിരുന്നു.




Tags: