അതിശക്തമായ മഴ; രണ്ട് മരണം; കടലാക്രമണം രൂക്ഷം ; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2023-07-05 17:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയിലും മിന്നല്‍ ചുഴലിയിലും രണ്ട് മരണം. കനത്ത നാശനഷ്ടങ്ങളും. മഴക്കെടുതിയില്‍ കണ്ണൂരും ആലപ്പുഴയിലുമാണ് ഓരോ മരണം. കണ്ണൂര്‍ വെള്ളക്കെട്ടില്‍ വീണ് ബഷീറും (50) ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് രാജ്കുമാറുമാണ് മരിച്ചത്. മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി.

കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു. കടലാക്രമണവും രൂക്ഷമാണ്. മഴ കനത്തതോടെ ചെല്ലാനം കടപ്പുറത്തിന്റെ കൂടുതല്‍ ഭാഗം കടല്‍ കയറി. തീരദേശ മേഖലകള്‍ കടലാക്രമണക്കെടുതിയിലാണ്. എഴു ജില്ലകളില്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പാലക്കാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി.

നദികളില്‍ ജലനിരപ്പ് അപായകരമാംവിധം ഉയരുകയാണ്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കേരള തീരത്ത് 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വന്‍ നാശനഷ്ടം. തിരുവല്ലയില്‍ വെള്ളം കയറിയ വീട്ടില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ചാലിയത്ത് നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി.

പത്തനംതിട്ട അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, പമ്പ മടമണ്‍ സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നല്‍കി. നിലവില്‍ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. മരം കടപുഴകി വീണ് നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു.

ആലപ്പുഴയില്‍ മാത്രം 117 വീടുകള്‍ തകര്‍ന്നു. വിവിധ സ്ഥലങ്ങളിലെ അപകടങ്ങളില്‍ 11 പേര്‍ക്ക് പരുക്കേറ്റു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു ഷട്ടര്‍ 60 സെന്റിമീറ്ററിനും മറ്റൊന്ന് 30 സെന്റിമീറ്ററും ഉയര്‍ത്തി. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളം ഒഴുക്കുന്നു. പാംബ്ല അണക്കെട്ടും തുറന്നു. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ പഴശി അണക്കെട്ടിന്റെ മൂഴുവന്‍ ഷട്ടറുകളും പത്തു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. മലപ്പുറം ജില്ലയില്‍ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പൊന്നാനിയില്‍ 13 കുടുംബങ്ങളും ക്യാംപിലേക്കു മാറ്റി. പെരിന്തല്‍മണ്ണയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മണ്ണിടിഞ്ഞു വീണു. തിരുവല്ല നിരണം വടക്കും സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളി മഴയില്‍ തകര്‍ന്നു. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകള്‍ക്ക് ഭാഗികമായും ചിറ്റൂര്‍ താലൂക്കില്‍ ഒരു വീടിന് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ചാലിയത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് പോയ ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

മഴ കനത്തതോടെ പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു. 581 പേരെ മാറ്റി പാര്‍പ്പിച്ചു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. കോഴഞ്ചേരിയില്‍ ഏഴും മല്ലപ്പള്ളിയില്‍ 51 ഉം തിരുവല്ലയില്‍ 113 ഉം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെയുള്ള കണക്കുപ്രകാരം 19 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ അഞ്ചും കോന്നിയില്‍ ആറും റാന്നിയില്‍ രണ്ടും തിരുവല്ലയില്‍ മൂന്നും വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.












Tags: