കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബര്‍ 23-24) കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

Update: 2021-10-23 13:23 GMT

പാല: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.

ഉച്ചക്ക് മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കടകളില്‍ നിന്നും സാധനങ്ങള്‍ മാറ്റി തുടങ്ങി.

മുണ്ടക്കയം വണ്ടൻപതാൽ അസമ്പനിയ്ക്ക് സമീപം തേക്കിൻകൂപ്പ് ഭാഗത്ത് ഉരുൾപൊട്ടി, ആളപായമില്ല. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവില്‍ മുണ്ടക്കയം ക്രോസ് വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളില്‍ നിന്നും വെള്ളം ഉയര്‍ന്നതിനാല്‍ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു തുടങ്ങി.

ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളില്‍ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ലോറേഞ്ചില്‍ പ്രത്യേകിച്ച് തൊടുപുഴയില്‍ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തില്‍ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു.

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവില്‍ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബര്‍ 23-24) കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ട്.

ഒക്ടോബര്‍ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.