പഞ്ച്ശീര്‍ താഴ് വരയിലെ പോരാട്ടം തുടരുന്നു; മൂന്ന് ജില്ലകള്‍ പിടിച്ചതായി താലിബാന്‍

Update: 2021-09-03 05:02 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ താഴ് വരയില്‍ താലിബാനും വടക്കന്‍ സഖ്യവും തമ്മില്‍ പോരാട്ടം തുടരുന്നതായി സിഎന്‍എന്‍. പഞ്ച് ശീര്‍ വളഞ്ഞ താലിബാന്‍ എത്രയും വേഗം കീഴടങ്ങണമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

പഞ്ച്ശീറിന്റെ സുപ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. താഴ്‌വരയിലെ എല്ലാ വഴികളും അടച്ച താലിബാന്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടക്കം വിച്ഛേദിച്ചു.


രണ്ടാഴ്ച്ചയായി തുടരുന്ന പോരാട്ടത്തില്‍ താലിബാനും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. പഞ്ച്ശീര്‍ കീഴടക്കാനുള്ള അവസാന പോരാട്ടത്തിലാണ് താലിബാന്‍. അതേസമയം, പോരാട്ടത്തിനിടെ താലിബാന്റെ 40 ഭടന്‍മാരെ വധിച്ചതായി ദേശീയ പ്രതിരോധ മുന്നണി(എന്‍ആര്‍എഫ്) വക്താവ് ഫഹീം ദസ്തി പുറത്ത് വിട്ട ഓഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു. താലിബാന്റെ നിരവധി ആയുധങ്ങളും കവചിത വാഹനങ്ങളും തകര്‍ത്തതായും എന്‍ആര്‍എഫ് അവകാശപ്പെട്ടു. എന്നാല്‍, താലിബാന് നഷ്ടങ്ങളുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.

പഞ്ച്ശീര്‍ താഴ്‌വരയിലെ ദേശീയ പ്രതിരോധ മുന്നണി നേതാക്കളോട് ചര്‍ച്ചക്ക് തയ്യാറാവണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. താഴ്‌വരയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അനുരഞ്ജനാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ നേതാക്കള്‍ വിവിധ നേതാക്കളെയും മാധ്യമങ്ങളെയും അറിയിച്ചു.

പ്രശ്‌നത്തില്‍ ഇടപെടാനും പഞ്ച്ശീര്‍ താഴ്‌വരയില്‍ പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഹ് മദ് ഷാ മസൂദിനോട് സംസാരിക്കാനും അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, അഫ്ഗാന്‍ സമാധാനച്ചര്‍ച്ച പ്രതിനിധി അബ്ദുല്ല അബ്ദുല്ല എന്നിവരോട് താലിബാന്‍ അഭ്യര്‍ത്ഥിച്ചു.

ഗറില്ലാ യുദ്ധങ്ങളാല്‍ ശ്രദ്ധേയമായ പഞ്ച്ശീറിലെ ചെങ്കുത്തായ മലനിരകള്‍ പ്രാദേശിക പോരാളികള്‍ക്ക് അനുകൂലമാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് പെട്ടെന്ന് ആക്രമിച്ച് കീഴടക്കാന്‍ കഴിയാത്ത നിലയിലാണ് മേഖലയിലെ ഭൂമിശാസ്ത്രം.

Tags:    

Similar News