അടുത്തയാഴ്ച്ച ഉഷ്ണ തരംഗം; പുറത്തിറങ്ങിയാല്‍ പൊള്ളും
സൂര്യാതപവും കഴിഞ്ഞുള്ള അവസ്ഥയാണ് ഉഷ്ണ തരംഗം. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാവും ഉണ്ടാവുക.
കോഴിക്കോട്: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ വേനല്‍മഴ കിട്ടിയില്ലെങ്കില്‍്അടുത്തയാഴ്ച്ചയോടെ കേരളത്തില്‍ ഉഷ്ണതരംഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. സൂര്യാതപവും കഴിഞ്ഞുള്ള അവസ്ഥയാണ് ഉഷ്ണ തരംഗം. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാവും ഉണ്ടാവുക.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ചൂട് വര്‍ധിച്ചു. കോഴിക്കോടാണ് നാല് ഡിഗ്രി വര്‍ധനയുണ്ടായത്. ബുധനാഴ്ച്ചയോടെ ആറ് ഡിഗ്രിവരെയും മാര്‍ച്ച് 12ന് 10 ഡിഗ്രവരെയും വര്‍ധനയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതാണ് ഉഷ്ണ തരംഗമെന്ന അവസ്ഥ സൃഷ്ടിക്കുക.
തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടുംചൂട് അനുഭവപ്പെടാമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണ്, 37 ഡിഗ്രി സെല്‍ഷ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വീതം രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കുടുമെന്ന് മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കണം. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും അതേറിറ്റി നിര്‍ദ്ദേശിച്ചു. പുറംജോലികള്‍ ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍ മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണം.
വിദേശ ഏജന്‍സികളുടെ കാലവാവസ്ഥാ വിവരങ്ങളും കൂടി അടിസ്ഥാനമാക്കിയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അതേ സമയം, ചൂട് അത്രയും കൂടാനിടയില്ലെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും കേന്ദ്രം വിലിയരുത്താത്ത മറ്റു ഘടകങ്ങളും പരിഗണിക്കുമ്പോള്‍ ചൂട് മൂന്ന് ഡിഗ്രിവരെ മാത്രമേ കൂടാന്‍ സാധ്യതയുള്ളു എന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പ് പറയുന്നത്.

