വെള്ളിയാഴ്ച്ച വരെ കൊടും ചൂട് തുടരും

കനത്തചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് അമ്പതോളം പേര്‍ക്കുകൂടി പൊള്ളലേറ്റു. ബുധനാഴ്ച രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതോളം പേര്‍ക്ക് ശരീരത്തില്‍ ചുവന്ന പാടുകളുണ്ടായി.

Update: 2019-03-28 00:51 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ കനത്തചൂടു തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വയനാട് ഒഴികെയുള്ള പതിമൂന്നുജില്ലകളില്‍ ചൂട് ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും. ഈ ദിവസങ്ങളില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്തചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് അമ്പതോളം പേര്‍ക്കുകൂടി പൊള്ളലേറ്റു. ബുധനാഴ്ച രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതോളം പേര്‍ക്ക് ശരീരത്തില്‍ ചുവന്ന പാടുകളുണ്ടായി.

കനത്തചൂടുകാരണം കേരളത്തില്‍ ഇതുവരെ 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതായി ചീഫ്‌സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഏറ്റവുംകൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ് 41 പേര്‍. സൂര്യാഘാതത്തില്‍ ഒരുമരണംമാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍, സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോടെ അഞ്ചുപേര്‍ മരിച്ചു.

വെള്ളിയാഴ്ച കഴിഞ്ഞാലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏപ്രില്‍ ആദ്യവാരംവരെ ദക്ഷിണേന്ത്യയില്‍ ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലുവരെ ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വിലയിരുത്തിയിട്ടുണ്ട്.  

Tags:    

Similar News