മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല: ആരോഗ്യമന്ത്രി

കൊവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ല. രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി

Update: 2021-04-15 05:49 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്‌ടിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയതെന്നും ശൈലജ പറഞ്ഞു.

എന്തുണ്ടായാലും വിവാദമുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണ്. കൊവിഡ് പോസിറ്റീവായതോടെ വീട്ടിൽ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും കെ കെ ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കൊവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ല. രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

Similar News