ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സമഗ്രാന്വേഷണം വേണം: പി ആര്‍ സിയാദ്

Update: 2022-01-08 10:44 GMT

തിരുവനന്തപുരം: മരുന്നുവാങ്ങല്‍ ഇടപാടുകളുകളടക്കം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍ അപ്രത്യക്ഷമായതിനു പിന്നില്‍ കോടികളുടെ അഴിമതി സംശയിക്കുന്നതായും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കൊവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെ ഫയലുകള്‍ അപ്രത്യക്ഷമായത് ഗുരുതരമാണ്. കോര്‍പ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ വരെ നശിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങളല്ലാതെ ആരോഗ്യമേഖലയില്‍ നടക്കുന്ന കാര്യങ്ങളൊന്നും വകുപ്പുമന്ത്രി അറിയുന്നതേയില്ല. ഇത്രയധികം ഫയലുകള്‍ ഓഫിസിനുള്ളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുപോലും വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല എന്നത് ദുരൂഹമാണ്. അതുകൊണ്ടുതന്നെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെയെുള്ളവരെ മാറ്റിനിര്‍ത്തി അന്വേഷിക്കണം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരുവര്‍ഷം ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിനു പുറമേയാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. കൊവിഡിനെ മറയാക്കി വിവിധ വകുപ്പുകള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതു സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും പി ആര്‍ സിയാദ് പറഞ്ഞു.

Tags:    

Similar News