സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുർ റഹ് മാൻ ഗുരുതരാവസ്ഥയില്‍; ഹൃദയ വാല്‍വിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് കുടുംബം

Update: 2021-08-05 16:46 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് വാര്‍ത്ത ശേഖരിക്കാന്‍ പോവുന്നതിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖുർ റഹ് മാൻ  ഗുരുതരാവസ്ഥിയിലെന്ന് കുടുംബം. അതീഖിന്റെ ഹൃദയ വാല്‍വിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മതീന്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് പലപ്പോഴും അതീഖിനെ ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണ്. അതീഖിന് ആവശ്യമായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ അവന്റെ ജീവന്‍ പോലും അപകടത്തിലാവും'. പടിഞ്ഞാറന്‍ യുപിയിലെ മുസാഫര്‍നഗറിലെ വീട്ടില്‍ നിന്ന് അതീഖിന്റെ സഹോദരന്‍ മതീന്‍ പറഞ്ഞു. 'ദി ക്വിന്റ്' പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു മതീന്‍.

ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വിനെ ബാധിക്കുന്ന 'അയോര്‍ട്ടിക് റെഗര്‍ഗിറ്റേഷന്‍' എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. ആവശ്യമായ ചികില്‍സ ലഭ്യമാകാതിരുന്നാല്‍ ഹൃദയ സ്തംഭനത്തിന് വരേ ഇടയാക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

'2020 ഒക്ടോബര്‍ 5 ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഒരു മാസം മുമ്പ്, എയിംസിലെ ഡോക്ടര്‍ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയാണ് 60 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിക്കാന്‍ കുടുംബം ഒരു അപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ അദ്ദേഹത്തിന് എയിംസില്‍ ശസ്ത്രക്രിയ നടത്താനാകും.

'അതീഖിന് അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ശ്വസിക്കാന്‍ കഴിയില്ല. മാത്രമല്ല കൈകളും കാലുകളും വിറയ്ക്കുകയും വല്ലാതെ വിയര്‍ക്കുകയും ചെയ്യും. സംസാരിക്കാന്‍ പോലും കഴിയില്ല. ഞങ്ങള്‍ അവനെ മുസഫര്‍നഗര്‍, മീററ്റ്, അലിഗഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലും ഡല്‍ഹിയിലെ എയിംസ് എന്നിവിടങ്ങളിലും ചികില്‍സിച്ചിട്ടുണ്ട്'. സഹോദരന്‍ പറഞ്ഞു.

അതീഖ് ജയിലില്‍ മരണപ്പെട്ടേക്കുമോ എന്ന് പോലും ആശങ്കപ്പെടുന്നതായും കുടുംബം. 'അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ രക്തയോട്ടം നില്‍ക്കുമെന്നും അത് മരണത്തിന് വരേ കാരണമാകുമെന്നും മതീന്‍ പറയുന്നു. ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒരു അപേക്ഷ സമര്‍പ്പിച്ചെങ്കിലും മഥുര കോടതി അത് നിരസിക്കുകയായിരുന്നു.

2020 സെപ്തംബറില്‍ പടിഞ്ഞാറന്‍ യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് അതീഖുർ റഹ് മാൻ, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനുമൊപ്പം അവിടേക്ക് പോയത്. ഒക്ടോബര്‍ 5നായിരുന്നു ഇവരുടെ യാത്ര. സിദ്ദിഖ് കപ്പന്‍, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മസൂദ്, ടാക്‌സി ഡ്രൈവര്‍ ആലം എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യുകയായിരുന്നു കാപ്പന്റെ ലക്ഷ്യം. എന്നാല്‍ മഥുര ടോള്‍ പ്ലാസയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ ഉത്തര്‍പ്രദേശ് പോലിസ് തടഞ്ഞു. പൊതു സമാധാനം ലംഘിച്ചെന്നു പറഞ്ഞ് ഡ്രൈവര്‍ ആലം ഉള്‍പ്പെടെയുള്ള വാഹനത്തിലുള്ള എല്ലാവരെയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സിആര്‍പിസി) പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഇവര്‍ക്കെതിരേ യുഎപിഎ പ്രകാരം രണ്ട് കുറ്റങ്ങളും ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് (ഐടി ആക്റ്റ്) എന്നിവ പ്രകാരം നിരവധി കുറ്റങ്ങളും ചുമത്തി ജയിലിലടച്ചു. യുഎപിഎ ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയോടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും അടയുകയായിരുന്നു. അതീഖുർ റഹ് മാന്‌ ചികില്‍സ ലഭ്യമാക്കാന്‍ കോടതി ഇടപെടല്‍ ഉണ്ടാവണമെന്ന് മാത്രമാണ് കുടുംബത്തിന്റെ ആവശ്യം.

Tags:    

Similar News